കൊച്ചി: വിവാഹിതരാകാതെ ഒന്നിച്ച് താമസിക്കുന്ന സ്ത്രീ പുരുഷന്മാരെ വിവാഹിതർക്ക് തുല്യമായി കണക്കാക്കണമെന്ന് ഹൈക്കോടതി. ഇവരുടെ കുഞ്ഞുങ്ങൾക്ക് മേലുള്ള അവകാശത്തിന് വിവാഹിത ദമ്പതിമാരിൽ നിന്നും വ്യത്യാസങ്ങൾ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബാലനീതി നിയമ പ്രകാരം കുഞ്ഞിന്റെ സംരക്ഷണ കാര്യങ്ങളിൽ അവിവാഹിത ദമ്പതിമാർക്ക് പൂർണ്ണ അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ജന്മം നൽകിയ മാതാപിതക്കൾക്ക് കുഞ്ഞിന്മേൽ സ്വാഭാവിക അവകാശമുണ്ട്. നിയമപരമായ വിവാഹം നിർബന്ധമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹിതരാകാതെ ഒരുമിച്ച് താമസിച്ച ദമ്പതികൾക്ക് ഉണ്ടായ കുഞ്ഞിനെ അമ്മ ശിശുക്ഷേമ സമിതിയിക്ക് നൽകുകയും സമിതി കുഞ്ഞിനെ ദത്തു നൽകുകയും ചെയ്തിരുന്നു. പിന്നീട് കുഞ്ഞിനെ തിരികെ നൽകണമെന്നാവശ്യപ്പെട്ട് ദമ്പതികൾ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ബാലനീതി നിയമം കുഞ്ഞിന്റെ സംരക്ഷണം ഉറപ്പാക്കാനുള്ളതാണ്. അമ്മ മാത്രമായി കുഞ്ഞിനെ വളർത്തുമ്പോൾ പിന്തുണയ്ക്കാൻ സർക്കാർ സംവിധാനം ഉണ്ടാക്കണം. കുഞ്ഞിന്റെ പിതാവ് വിട്ടു പോകുന്നതോടെ മാതാവ് സമൂഹത്തിന്റെ എതിർപ്പ് നേരിട്ട് ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ ഒരിക്കലും ഉണ്ടാകരുത്. പുരുഷന്റെ പിന്തുണയില്ലാതെ നിലനിൽപ്പില്ലെന്ന് സ്ത്രീയ്ക്ക് തോന്നിയാൽ അവിടെ പരാജയപ്പെടുന്നത് സമൂഹമാണെന്നും കോടതി നിരീക്ഷിച്ചു.