ലക്ഷങ്ങളുടെ സ്വർണം കൈക്കലാക്കി,യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി ദേഹോപദ്രവമേൽപ്പിച്ചു; മീശ വിനീത് വീണ്ടും പിടിയിൽ

തിരുവനന്തപുരം: സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയശേഷം യുവതിയെ വിളിച്ചുവരുത്തി ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന കേസില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് താരം കസ്റ്റഡിയില്‍. കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശിയായ ‘മീശ വിനീത്’ എന്ന വിനീതി(26)നെയാണ് യുവതിയുടെ പരാതിയില്‍ കിളിമാനൂര്‍ പോലീസ് പിടികൂടിയത്. നേരത്തെ പീഡനക്കേസിലും കവര്‍ച്ചാക്കേസിലും പോലീസിന്റെ പിടിയിലായി കുപ്രസിദ്ധി നേടിയ ആളാണ് മീശ വിനീത്.

കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതി യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയില്‍നിന്ന് പണയം വെയ്ക്കാനായി ആറുപവന്‍ സ്വര്‍ണാഭരണങ്ങള്‍ ഇയാള്‍ കൈക്കലാക്കിയിരുന്നു. നിശ്ചിതദിവസത്തിനുള്ളില്‍ തിരികെ നല്‍കാമെന്ന് പറഞ്ഞ് ഒരുമാസം മുന്‍പാണ് ആഭരണങ്ങള്‍ വാങ്ങിയത്. തുടര്‍ന്ന് യുവതി ആഭരണങ്ങള്‍ തിരികെ ചോദിച്ചപ്പോള്‍ ഇത് തിരികെ നല്‍കാമെന്ന് പറഞ്ഞ് പ്രതി യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തിരുവനന്തപുരത്തുനിന്നും ബസില്‍ കിളിമാനൂരില്‍ എത്തിയ യുവതിയെ ഇയാള്‍ ബൈക്കില്‍ കയറ്റിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് ഇവിടെവെച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.

നേരത്തെ യുവതിയെ പീഡിപ്പിച്ച കേസിലടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളാണ് മീശ വിനീത്. ബൈക്ക് മോഷണം ഉള്‍പ്പെടെ പത്ത് മോഷണക്കേസുകളിലും അടിപിടി കേസിലും ഇയാള്‍ പ്രതിയായിരുന്നു. ഇതിനുപിന്നാലെയാണ് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും വിനീത് അറസ്റ്റിലായത്. ഇതിനുശേഷം പെട്രോള്‍ പമ്പ് മാനേജരില്‍നിന്ന് രണ്ടരലക്ഷം രൂപ കവര്‍ന്ന കേസിലും ഇയാള്‍ പിടിയിലായിരുന്നു. ബുള്ളറ്റ് ബൈക്ക് വാങ്ങാനും കടം തീര്‍ക്കാനുമാണ് രണ്ടരലക്ഷം രൂപ മോഷ്ടിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി.

ടിക് ടോക് വീഡിയോകളിലൂടെയാണ് വിനീത് സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. ടിക് ടോക് നിരോധനത്തിന് ശേഷം ഇന്‍സ്റ്റഗ്രാമിലേക്ക് ചുവടുമാറ്റിയ ഇയാള്‍ റീല്‍സുകളിലും സജീവമായിരുന്നു. നേരത്തെ അഞ്ചുലക്ഷത്തോളം ഫോളോവേഴ്‌സുണ്ടായിരുന്ന വിനീത്, പീഡനക്കേസില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ തന്റെ പ്രധാന ഇന്‍സ്റ്റഗ്രാം ഐ.ഡി. ഡിലീറ്റ് ചെയ്തിരുന്നു. ഇയാളുടെ ഫോളോവേഴ്‌സില്‍ കൂടുതല്‍പേരും പെണ്‍കുട്ടികളും യുവതികളുമായിരുന്നു. നിലവില്‍ പുതിയ ഐ.ഡി.യില്‍ മുപ്പതിനായിരത്തിലേറെ ഫോളോവേഴ്‌സാണ് ഇയാള്‍ക്കുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News