ബർമിംഗ്ഹാം : ഒളിമ്പിക്സിലെ വെള്ളി കോമൺവെൽത്ത് ഗെയിംസിൽ പൊന്നാക്കി മാറ്റിയ മീരബായി ചാനു ചരിത്രമെഴുതിയ
കോമൺവെൽത്ത് ഗെയിംസിന്റെ രണ്ടാം ദിനം ഇന്ത്യയുടെ അക്കൗണ്ടിൽ ഭാരോദ്വഹനത്തിൽ നിന്ന് എത്തിയത് മൂന്ന് മെഡലുകൾ. നേരത്തേ ഭാരോദ്വഹനത്തിൽ പുരുഷ വിഭാഗത്തിൽ സങ്കേത് സർഗറുടെ വെള്ളിയിലൂടെയും ഗുരുരാജിന്റെ വെങ്കലത്തിലൂടെയും മെഡൽ പട്ടികയിൽ ഇടം നേടിയ ഇന്ത്യ രണ്ടാം ദിനം മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്.
The exceptional @mirabai_chanu makes India proud once again! Every Indian is delighted that she’s won a Gold and set a new Commonwealth record at the Birmingham Games. Her success inspires several Indians, especially budding athletes. pic.twitter.com/e1vtmKnD65
— Narendra Modi (@narendramodi) July 30, 2022
നീന്തലിൽ ശ്രീഹരി നടരാജ് 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ ഫൈനലിൽ എത്തി മിന്നിത്തിളങ്ങി.ബാഡ്മിന്റൺ മിക്സഡ് ടീം നോക്കൗട്ട് റൗണ്ടിൽ കടന്നു.വനിതാ ടേബിൾ ടെന്നിസ് ടീം ക്വാർട്ടറിൽ എത്തി. സ്ക്വാഷിൽ ജോഷ്ന ചിന്നപ്പ, സൗരവ് ഘോഷാൽ എന്നിവർ തങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങൾ ജയിച്ചു. ബോക്സിംഗിൽ ഹുസ്സാമുദ്ദിൻ മൊഹമ്മദ് പ്രീക്വാർട്ടർ ഉറപ്പിച്ചു.
രാത്രി വൈകി ഒളിമ്പിക് വെങ്കല മെഡൽ ജേതാവ് ലൊവ്ലിന ബോർഗോഹെയ്നും ഇന്ത്യൻ വനിതാ ഹോക്കി ടീമിനും മത്സരമുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാന മന്ത്രി നരേന്ദ്ര മോദി എന്നിവർ ഉൾപ്പെടെയുള്ളവർ മെഡൽ ജേതാക്കളെ അഭിനന്ദിച്ചു.
ഭാരോദ്വഹനത്തിൽ വനിതകളുടെ 49 കിലോ വിഭാഗത്തിൽ ഗെയിംസ് റെക്കാഡോടെയാണ് മീരബായ് ചാനു ഇന്ത്യയുടെ അക്കൗണ്ടിലേക്ക് ഇത്തവണത്തെ ആദ്യ സ്വർണം നേടിയത്. ആകെ 201 കിലോ ഉയർത്തിയാണ് മീര സ്വർണം സ്വന്തമാക്കിയത്. 88 കിലോഗ്രാം ഉയർത്തി സ്നാച്ചിൽ ഗെയിംസ് റെക്കാഡ് കുറിച്ച മീര ക്ലീൻ ആൻഡ് ജെർക്കിൽ 113 കിലോയും ഉയർത്തി ഗെയിംസ് റെക്കാഡ് സ്ഥാപിച്ചു. താരത്തിന്റെ രണ്ടാം കോമൺവെൽത്ത് സ്വർണമാണിത്.