കൊച്ചി:മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിൻ. 2000 ന്റെ തുടക്ക വർഷങ്ങളിൽ മലയാള സിനിമകളിൽ നിറഞ്ഞ് നിന്ന മീര ഹിറ്റുകളുടെ വലിയാെരു നിര തന്നെ സൃഷ്ടിച്ചു. അഭിനയിച്ച സിനിമകളിലെല്ലാം ശ്രദ്ധേയ വേഷം മീരയ്ക്ക് ലഭിച്ചു. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാണ് മീര എന്നും തെരഞ്ഞെടുത്തത്. അച്ചുവിന്റെ അമ്മ, തൻമാത്ര, സ്വപ്നക്കൂട്, കസ്തൂരിമാൻ തുടങ്ങി മീര ചെയ്ത നിരവധി സിനിമകൾ മലയാളി പ്രേക്ഷകരുടെ മനസ്സിലുണ്ട്. തമിഴിലും തെലുങ്കിലും കന്നഡയിലും ഒരുപോലെ തിളങ്ങാൻ മീരയ്ക്ക് കഴിഞ്ഞു.
ഒരു ഘട്ടത്തിൽ മലയാള സിനിമകളേക്കാൾ കൂടുതൽ തമിഴ്, തെലുങ്ക് സിനിമാ ലോകത്തായിരുന്നു മീര സജീവം. തെന്നിന്ത്യയിലെ തിരക്കുള്ള നായിക നടിയായ മീര പിന്നീട് സിനിമകളിൽ നിന്ന് അകന്നു. ഏറെക്കാലം മീരയെക്കുറിച്ച് ഒരു വിവരവും ആരാധകർ അറിഞ്ഞില്ല. കഴിഞ്ഞ വർഷം മകൾ എന്ന സിനിമയിലൂടെ മീര സിനിമാ രംഗത്തേക്ക് തിരിച്ച് വരികയും ചെയ്തു. വീണ്ടും സിനിമാ രംഗത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം.
മീരയുടെ കരിയറിനെയും ജീവിതത്തെയും കുറിച്ച് തമിഴ് സിനിമാ രംഗത്തെ മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആഗയം തമിഴ് എന്ന ചാനലിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
സണ്ടക്കോഴി എന്ന സിനിമയിൽ നായകൻ വിശാലിന് ഒപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രമാണ് മീര ജാസ്മിൻ ചെയ്തത്. ആ സിനിമ വിജയിച്ചതിൽ മീരയുടെ പങ്ക് വലുതാണ്. സണ്ടക്കോഴി 2 വിൽ കീർത്തി സുരേഷിനെയാണ് നായികയാക്കിയത്. പക്ഷെ ആ സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.
ആയുധ എഴുത്തിന് ശേഷം തെന്നിന്ത്യൻ സിനിമകളിൽ മീരയ്ക്ക് തിരക്കായി. കരിയർ ഗ്രാഫ് ഇത്രയും ഉയർന്ന നടിയെ ഒരു ഘട്ടത്തിൽ കാണാതായി.
അതിന് കാരണം പ്രണയമാണ്. അന്ന് ഇതേക്കുറിച്ച് ഗോസിപ്പുകൾ വന്നിരുന്നു. പിന്നീട് മീര ഇക്കാര്യം സമ്മതിച്ചു. ഒരു ഘട്ടത്തിൽ അവർ പിരിഞ്ഞു. അതിന് ശേഷമാണ് മീര ജാസ്മിന് കരിയറിൽ പ്രശ്നമാകുന്നത്. മലയാളത്തിൽ ഒരു പടം കമ്മിറ്റ് ചെയ്തിട്ട് തമിഴിൽ വന്ന് അഭിനയിക്കും. തമിഴിൽ ഒരു പടത്തിൽ ഒപ്പു വെച്ച് കന്നഡയിൽ പോയി അഭിനയിക്കും. ഇത് മീരയുടെ കരിയറിനെ ബാധിച്ചെന്ന് ചെയ്യാറു ബാലു പറയുന്നു.
രണ്ട് തരത്തിലുള്ള സംസാരം മീരയെക്കുറിച്ച് സിനിമാ ലോകത്ത് വന്നു. അഹങ്കാരിയായ നടി എന്നാണ് ചിലർ പറഞ്ഞത്. മാനസികമായി തളർന്ന് പോയി, ഒന്നിലും താൽപര്യം കാണിക്കാതെയായെന്നും സംസാരം വന്നു. ഇതിനിടെയാണ് ദുബായിലെ എഞ്ചിനീയർ അനിൽ ജോണിനെ വിവാഹം ചെയ്യുന്നത്. ശേഷം മീരയെ എല്ലാവരും മറന്നു. എന്നാൽ ഈ വിവാഹബന്ധം പിരിഞ്ഞു. തമിഴ് സിനിമാ രംഗത്ത് ഇനി മീരയ്ക്ക് ഭാവിയുണ്ടോ എന്ന ചോദ്യത്തിനും ചെയ്യാറു ബാലു മറുപടി നൽകി.
കേരളത്തിൽ നിന്ന് തമിഴ് സിനിമകളിലേക്ക് വന്ന ഒരു നടിയും അഭിനയത്തിൽ മോശമായിട്ടില്ല. ഏറെക്കുറെ മീരയ്ക്കിത് മൂന്നാം ഇന്നിംഗ്സാണെന്ന് പറയാം. ടെസ്റ്റ് എന്ന സിനിമയ്ക്ക് ശേഷം മീര ജാസ്മിന് വീണ്ടും തമിഴ് സിനിമകളിൽ അവസരങ്ങൾ ലഭിച്ചേക്കാം എന്നും ചെയ്യാറു ബാലു പറയുന്നു.
ടെസ്റ്റ് ആണ് മീര ജാസ്മിന്റെ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് സിനിമ. മാധവൻ, നയൻതാര, സിദ്ധാർത്ഥ് എന്നിവരാണ് ടെസ്റ്റിലെ മറ്റ് പ്രധാന താരങ്ങൾ. മലയാളത്തിൽ ക്യൂൻ എലിസബത്ത് എന്ന സിനിമയും റിലീസ് ചെയ്യാനുണ്ട്. സിനിമാ രംഗത്ത് മീര വീണ്ടും സജീവമാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.