24.7 C
Kottayam
Sunday, May 19, 2024

വാക്കുകള്‍ വളച്ചൊടിച്ചു; വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണവുമായി മീനാക്ഷി ലേഖി

Must read

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണവുമായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. മാധ്യമങ്ങള്‍ തന്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് മീനാക്ഷി ലേഖി പറഞ്ഞു. എന്റെ വാക്കുകള്‍ വളച്ചൊടിച്ചു. കര്‍ഷകരെയോ മറ്റാരെയെങ്കിലുമോ അത് വേദനിപ്പിച്ചുവെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുകയും എന്റെ വാക്കുകള്‍ തിരിച്ചെടുക്കുകയും ചെയ്യുന്നു.-മീനാക്ഷി ലേഖി പറഞ്ഞു.

ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകനുനേരെ ആക്രമണമുണ്ടായ സംഭവത്തിലാണ് മീനാക്ഷി ലേഖി വിവാദ പ്രതികരണം നടത്തിയത്. അവര്‍ കര്‍ഷകരല്ല, തെമ്മാടികളാണ്. കുറ്റകൃത്യങ്ങളാണ് അവര്‍ ചെയ്യുന്നത്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം പ്രചാരണം നല്‍കുന്നതെന്നായിരുന്നു അവര്‍ പറഞ്ഞത്.

തുടര്‍ന്ന് ലേഖിയെ വിമര്‍ശിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തെത്തി. കര്‍ഷകര്‍ അന്നദാതാക്കളാണെന്നും തെമ്മാടികളെന്ന് വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയാണ് കര്‍ഷക സംഘടനകള്‍ മാസങ്ങളായി ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രക്ഷോഭം നടത്തുന്നത്. വ്യാഴാഴ്ച അവര്‍ ജന്തര്‍ മന്തറില്‍ ‘കര്‍ഷക പാര്‍ലമെന്റി’ന് തുടക്കം കുറിച്ചിരുന്നു. പാര്‍ലമെന്റിന് സമീപത്തുള്ള ജന്തര്‍ മന്തറില്‍ പരമാവധി 200 പേരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രക്ഷോഭം നടത്താന്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ കര്‍ഷക സംഘടനകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഓഗസ്റ്റ് ഒന്‍പതുവരെ പ്രക്ഷോഭം നടത്താനാണ് അനുമതി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുന്നതിനിടെയാണിത്.

അതിനിടെ, നാഗേന്ദ്ര എന്ന മാധ്യമ പ്രവര്‍ത്തകനെ ഒരു സ്ത്രീ വടികൊണ്ട് ആക്രമിച്ചുവെന്നാണ് പരാതി. കഴിഞ്ഞ റിപ്ലബ്ലിക് ദിനത്തില്‍ കര്‍ഷക സംഘടനകള്‍ നടത്തിയ ട്രാക്ടര്‍ റാലി അക്രമാസക്തമായിരുന്നു. നിരവധി പേര്‍ ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറുകയും ചെയ്തിരുന്നു. ചിലര്‍ ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്തുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് നിരവധി കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രക്ഷോഭകര്‍ ഡല്‍ഹി നഗരത്തില്‍ കടന്നു കയറുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week