ഇടുക്കി: കൊവിഡ് 19 ജാഗ്രതാ നിര്‍ദ്ദേശം ലംഘിച്ച് പ്രവര്‍ത്തിച്ച ധ്യാനകേന്ദ്രത്തിനെതിരെ കര്‍ശന നടപടി സ്വീകരിച്ച് ആരോഗ്യവകുപ്പ്. ഇടുക്കി അണക്കരയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന ധ്യാനകേന്ദ്രത്തിനെതിരെയാണ് ആരോഗ്യവകുപ്പിന്റെ കര്‍ശന നടപടി. ഡിഎംഒ നേരിട്ടെത്തി നോട്ടീസ് നല്‍കി അടപ്പിക്കുകയായിരുന്നു. ഒരാഴ്ച മുന്‍പ് തന്നെ അറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇത് അവഗണിച്ചായിരുന്നു ധ്യാനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം.
അതേസമയം, കോവിഡ് -19 രോഗബാധയില്‍ ഇന്ത്യയിലെ ആദ്യ മരണം കര്‍ണാടകയില്‍ സ്ഥിരീകരിച്ചു. ബുധനാഴ്ച മരിച്ച കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖിന്റെ(76) മരണമാണ് കൊറോണ വൈറസ് (കോവിഡ് – 19) കാരണമാണെന്ന് സ്ഥിരീകരിച്ചത്. തീര്‍ഥാടനത്തിനു ശേഷം സൗദിയില്‍ നിന്ന് കഴിഞ്ഞ 29നു ഹൈദരാബാദ് വഴിയാണ് മടങ്ങിയെത്തിയത്. ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ആളുകളെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂരിലും തൃശ്ശൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ദുബായില്‍ ഖത്തറില്‍ നിന്നും വന്നവരാണ് ഇവര്‍. രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 73 ആയി ഉയര്‍ന്നു.
തിരുവനന്തപുരത്ത് ഒരാള്‍ക്ക് രോഗബാധ സംശയിക്കുന്നുണ്ട്. ഇയാളുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല. 4180 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. 3910 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രിയിലുമാണ് . തിരുവനന്തപുരം കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും പരിശോധന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 900 പേരാണ് പുതുതായി രോഗ സാധ്യതാ ലിസ്റ്റിലേക്ക് വന്നിട്ടുള്ളത്.