കൊച്ചി: മൈനസ് ഡിഗ്രി തണുപ്പിൽ 45 കിലോമീറ്റർ നടത്തം, 12 മണിക്കൂർ മഞ്ഞ് മൂടിയ റോഡിലെ കുത്തിയിരുപ്പ്…അക്സ കടന്നു പോയത് സമാനതകളില്ലാത്ത ദുരിതാനുഭവങ്ങൾ. ഇതെല്ലാം മറികടന്ന് ജന്മനാട്ടിൽ തിരിച്ചെത്തിയപ്പോൾ സന്തോഷത്തേക്കാളുപരി യുക്രെയ്നിൽ കുടുങ്ങി കിടക്കുന്ന കൂട്ടുകാരെ കുറിച്ചോർത്തുള്ള സങ്കടമാണ് ഈ മെഡിക്കൽ വിദ്യാർഥിനിക്ക്.
വെള്ളാനിക്കോട് ഓത്തോട്ടിൽ ബിജോയിയുടെ മകൾ അക്സ കീവിലെ കോളജിലാണ് പഠിച്ചിരുന്നത്. 24 നു വൈകിട്ട് കൂട്ടുകാരുമൊത്തെ ഹോസ്റ്റൽ വിട്ടിറങ്ങി. 4 ദിവസം അനുഭവിച്ച ദുരിതത്തിന് കണക്കില്ല.
ഇതിൽ ഏറെ കഠിനം യുക്രെയ്ൻ അതിർത്തിയിൽ നിന്നു പോളണ്ടിലേക്കുള്ള 26 കിലോമീറ്റർ നടത്തമായിരുന്നു. മൈനസ് 7 ഡിഗ്രി താപനിലയിൽ മഞ്ഞിലൂടെ നടക്കുമ്പോൾ പലപ്പോഴും മരണത്തെ മുന്നിൽ കണ്ടു. ഒട്ടേറെത്തവണ ശ്വാസം കിട്ടാതെ തളർന്നിരുന്നു. അതിർത്തിയിൽ വെള്ളവും ഭക്ഷണവും തരാതെ 12 മണിക്കൂർ യുക്രെയ്ൻ പട്ടാളക്കാർ നിർത്തിയതോടെ നാട്ടിലെത്തുമെന്നുള്ള പ്രതീക്ഷയും അകന്നു. ഒടുവിൽ ഏറെ മണിക്കൂറുകൾക്ക് ശേഷം നടന്നും, ബസിൽ യാത്ര ചെയ്തും പോളണ്ടിൽ ഇന്ത്യൻ എംബസി അധികൃതരുടെ അടുത്തെത്തിയപ്പോഴാണ് ആശ്വാസമായതെന്നും അക്സ പറഞ്ഞു.
റഷ്യൻ സേന ബോംബിങ് ശക്തമാക്കുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ഒരു സംഘം ഇന്ത്യൻ വിദ്യാർഥികൾ കാൽനടയായി കാർകീവിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണെന്ന് യുക്രെയ്‌നിലെ എൻജിനീയറിങ് വിദ്യാർഥി കല്ലൂർ വടക്കൂടൻ അശോകന്റെ മകൻ അഭിനയ് വീട്ടുകാരെ അറിയിച്ചു. നഗരം വിടാനുള്ള എംബസിയുടെ നിർദേശ പ്രകാരം അഭിനയ് ഉൾപ്പെടെയുള്ള ഇന്ത്യൻ സംഘം ലിവീവിലേക്ക് മാറുന്നതിന് കാർകീവ് മെട്രോ സ്റ്റേഷനിൽ മണിക്കൂറുകളോളം കാത്തുനിന്നിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥി സംഘങ്ങളെ റോഡ് മാർഗമോ, ട്രെയിൻ മാർഗമോ നഗരം വിടാൻ യുക്രെയ്ൻ സേന അനുവദിച്ചിരുന്നില്ലെന്ന് അഭിനയ് പറയുന്നു. ഏറെ കാത്തിരിപ്പിനൊടുവിൽ ഒരു ട്രെയിനിൽ മാത്രമാണ് യാത്ര അനുവദിച്ചത്. ഇതിൽ വിദ്യാർഥിനികളെ മാത്രം കയറ്റിവിടുകയായിരുന്നു. ഇതോടെയാണ് മറ്റു വിദ്യാർഥികൾ കൂട്ടമായി കാൽനടയായി നഗരം വിടാൻ തീരുമാനിച്ചത്.
ഹാർകീവ് (Kharkiv) വിട്ടതും കുടുങ്ങിക്കിടക്കുന്നതുമായ ഇന്ത്യക്കാരുടെ കൃത്യം കണക്കില്ലാതെ കുഴങ്ങി വിദേശകാര്യമന്ത്രാലയം (MEA). ഹാർകീവ് വിട്ട് പിസോചിനിൽ എത്തിയവർ ഒഴികെയുള്ള എല്ലാവരുടെയും വിവരങ്ങൾ തേടി വിദേശകാര്യമന്ത്രാലയം ഗൂഗിൾ ഫോം (Google Form) പുറത്തുവിട്ടു. യുക്രൈൻ ഇന്ത്യൻ എംബസിയുടെ ട്വിറ്റർ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലെ ഹാൻഡിലുകളിൽ ഈ ഗൂഗിൾ ഫോം ലിങ്ക് ലഭ്യമാണ്. ഉടനടി ഹാർകീവ് വിട്ട് എത്തിയവർ എല്ലാവരും ഈ ലിങ്കിൽ കയറി റജിസ്റ്റർ ചെയ്യണം എന്നാണ് വിദേശകാര്യമന്ത്രാലയവക്താവ് അരിന്ദം ബാഗ്ചി (MEA Spokesperson Arindam Bagchi) നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.
ആദ്യഘട്ടത്തിൽ യുക്രൈനിലുള്ള ഇരുപതിനായിരം ഇന്ത്യക്കാരാണ് റജിസ്റ്റർ ചെയ്തതെന്നും, എന്നാൽ റജിസ്ട്രേഷൻ നടത്താൻ ഇനിയും ധാരാളം പേരുണ്ടെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കുന്നു. ഹാർകീവിൽ ഇനിയും നൂറുകണക്കിന് ഇന്ത്യക്കാർ ബാക്കിയുണ്ടെന്നാണ് കണക്കുകൂട്ടൽ. സുരക്ഷിതമായി കുട്ടികളെ ഏതെങ്കിലും ഗതാഗതമാർഗമുപയോഗിച്ച് തിരിച്ചെത്തിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും വിദേശകാര്യമന്ത്രാലയം പറയുന്നു.
ഇതുവരെ 18,000 ഇന്ത്യക്കാരാണ് യുക്രൈൻ വിട്ട് തിരികെ ഇന്ത്യയിലെത്തിയത് എന്നാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ കണക്ക്. ഓപ്പറേഷൻ ഗംഗ വഴി 30 ഫ്ലൈറ്റുകളാണ് എയർ ഇന്ത്യയുടെയും വ്യോമസേനയുടെയും നേതൃത്വത്തിൽ സർവീസ് നടത്തിയത്. ഇത് വഴി 6400 ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന് തിരികെ എത്തിക്കാനായി. അടുത്ത 24 മണിക്കൂറിൽ 18 ഫ്ലൈറ്റുകൾ കൂടി രക്ഷാ പ്രവർത്തനത്തിനായി സർവീസ് നടത്തുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അത്രയധികം ഇന്ത്യക്കാർ യുക്രൈനിൽ നിന്ന് തിരികെ വരാനായി കാത്തിരിക്കുന്നതിനാലാണ് വിമാനങ്ങളുടെ എണ്ണം കൂട്ടിയത് എന്ന് അരിന്ദം ബാഗ്ചി പറയുന്നു. എല്ലാ ഇന്ത്യക്കാരെയും എത്രയും പെട്ടെന്ന് തിരികെ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ വിമാനങ്ങൾ വരുന്ന ദിവസങ്ങളിൽ പ്രതിദിനം സർവീസ് നടത്തുമെന്നും, യുക്രൈനിയൻ സർക്കാരിനോടും അതിർത്തി രാജ്യങ്ങളിലെ സർക്കാരുകളോടും ഇന്ത്യക്കാർക്ക് നൽകുന്ന സഹായത്തിന് നന്ദി രേഖപ്പെടുത്തുന്നുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ എത്രയും പെട്ടെന്ന് നഗരം വിടണമെന്ന നിർദേശം വന്നതിനെത്തുടർന്ന് ആയിരക്കണക്കിന് കുട്ടികൾ ഹാർകീവ് വിട്ടിട്ടുണ്ട്. യുക്രൈന്‍റെ പടിഞ്ഞാറൻ അതിർത്തികൾ കടക്കാൻ കാത്തുനിൽക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. റഷ്യൻ – യുക്രൈൻ അധികൃതരും സൈന്യവുമായി ഒന്നിച്ച് സഹകരിച്ചാണ് കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയവക്താവ് പറയുന്നു.
ഇതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പുടിനുമായി ചർച്ച നടത്തിയത്. പല തലങ്ങളിൽ റഷ്യൻ – യുക്രൈൻ അധികൃതരുമായി ചർച്ച നടക്കുന്നുണ്ട്. ആക്രമണം രൂക്ഷമായ കിഴക്കൻ യുക്രൈനിൽ നിന്ന് പരമാവധി വിദ്യാർത്ഥികളെ തിരികെയെത്തിക്കുക എന്നതാണ് ലക്ഷ്യം. യുക്രൈനിയൻ തലസ്ഥാനമായ കീവിലെ ഇന്ത്യൻ എംബസി പൂർണമായും അടച്ചുവെന്ന വാർത്തകൾ തെറ്റാണ്. ലിവീവിലേക്ക് മാറിയ കീവിലെ എംബസി പൂർണമായും പ്രവർത്തിക്കുന്നുണ്ട്. ഉദ്യോഗസ്ഥരെല്ലാം ഇവിടെ നിന്ന് പ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.
അതേസമയം, കീവിൽ കൊല്ലപ്പെട്ട കർണാടക സ്വദേശിയായ വിദ്യാർത്ഥി നവീനിന്‍റെ മൃതദേഹം എത്രയും പെട്ടെന്ന് കൊണ്ടുവരാനാണ് ശ്രമമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. വിനിത്സിയയിൽ മരിച്ച ചന്ദൻ ജിൻഡാൽ അസുഖബാധിതനായിരുന്നു. രണ്ട് മരണങ്ങളും വ്യത്യസ്ത സാഹചര്യങ്ങളിലാണ് സംഭവിച്ചത് – അരിന്ദം ബാഗ്ചി വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിൽ ഓപ്പറേഷന്‍ ഗംഗയിലൂടെ യുക്രൈനില്‍ കുടുങ്ങിയ മൂവായിരത്തിലധികം വിദ്യാർത്ഥികളെയാണ് ഇന്ന് ഇന്ത്യയില്‍ തിരികെ എത്തിച്ചത്. നാല് വ്യോമസേന വിമാനങ്ങളും രക്ഷാദൗത്യത്തിന്‍റെ ഭാഗമായി. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി കേന്ദ്രസർക്കാർ തിരികെ എത്തിക്കുമെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു. ആകെ 19 വിമാനങ്ങളാണ് ഇന്ന് രക്ഷാദൗത്യത്തില്‍ പങ്കെടുത്തത്.
ഹംഗറി, റൊമാനിയ, സ്ലൊവാക്യ, പോളണ്ട് എന്നിവിടങ്ങളില്‍ മന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, വി കെ സിംഗ്, ഹര്‍ദീപ് സിംഗ് പുരി, കിരണ്‍ റിജിജു എന്നിവര്‍ ക്യാമ്പ് ചെയ്യുകയാണ്. വായുസേനയുടെ വിമാനങ്ങള്‍ക്ക് പുറമെ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. ഒഴിപ്പിക്കല്‍ ഊർജിതമാക്കാൻ ഇടപെടല്‍ തേടി സുപ്രീം കോടതിയില്‍ ഹര്‍ജിയെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെയാണ് സര്‍ക്കാര്‍ നീക്കം.
അതേസമയം, വിർച്വലായി ചേരുന്ന ക്വാഡ് രാജ്യങ്ങളുടെ യോഗം ഇന്ന് ഇന്ത്യൻ സമയം 7.30-നാണ്. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും വിർച്വലായി യോഗത്തിൽ പങ്കെടുക്കും. യുക്രൈനിലെ നിലവിലെ സ്ഥിതി ചർച്ച ചെയ്യാനാണ് ക്വാഡ് യോഗം അടിയന്തരമായി ചേരുന്നത്.
ഇതിനിടെ, ഇന്ന് രാവിലെ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്‍റെ അധ്യക്ഷതയില്‍ വിദേശകാര്യ പാര്‍ലമെന്‍ററി കമ്മറ്റി ചേർന്ന് യുക്രൈന്‍ വിഷയം ചർച്ച ചെയ്തു. 21 അംഗ സമിതിയില്‍ രാഹുല്‍ഗാന്ധി, ശശി തരൂര്‍, ആനന്ദ് ശർമ എന്നീ കോണ്‍ഗ്രസ് എംപിമാരും പങ്കെടുത്തു. മികച്ച ചർച്ചയായിരുന്നുവെന്ന് യോഗത്തിന് ശേഷം തരൂര്‍ ട്വീറ്റ് ചെയ്തു.