FeaturedHome-bannerKeralaNews

മെഡിക്കൽ കോളേജ്  കോഴ  കേസ്: സി എസ് ഐ ബിഷപ്പ് ധർമരാജ്  റസാലത്തിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി, വീണ്ടും വിളിപ്പിയ്ക്കും

തിരുവനന്തപുരം: കാരക്കോണം  മെഡിക്കൽ കോളേജ്  കോഴ  കേസിൽ സി എസ് ഐ ബിഷപ്പ് ധർമരാജ്  റസാലത്തിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യൽ നടപടികൾ പത്ത് മണിക്കൂറോളം നീണ്ടു നിന്നു. ബിഷപ്പിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും ഇത് തുടരുമെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായതോടെ ബിഷപ്പ് മടങ്ങി.

ബിഷപ്പിന് പുറമേ സഭാ സെക്രട്ടറി ടി ടി പ്രവീൺ, കോളജ് ഡയറക്ടർ ബെനറ്റ് എബ്രഹം എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇവരെയും വരും ദിവസങ്ങളിൽ കേസ് അന്വേഷിക്കുന്ന ഇഡി സംഘം ചോദ്യം ചെയ്യും. ഇന്നലെ യുകെയിലേക്കു പോകാനായി ബിഷപ് ധർമരാജ് റസാലം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയെങ്കിലും ഇഡിയുടെ നിർദേശമുള്ളതിനാൽ യാത്രാനുമതി ലഭിച്ചിരുന്നില്ല. 

ബിഷപ്പിനെ കള്ളപ്പണ കേസിൽ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. ബിഷപ്പ് യുകെയിലേക്ക് പോകാനിരിക്കെയായിരുന്നു ചോദ്യം ചെയ്യൽ. രാത്രി ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ബിഷപ്പ് ധർമരാജ് റസാലത്തെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചത്. 

വിദേശത്ത് പോകരുതെന്ന് ബിഷപ്പിന് എൻഫോഴ്സ്മെന്റ് നിർദേശം നൽകിയിരുന്നു. ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നതിന് മുമ്പേ സി എസ് ഐ സഭാ സെക്രട്ടറി പ്രവീൺ വിദേശത്തേക്ക് കടന്നിരുന്നു. ഇദ്ദേഹത്തെ കുറിച്ച് നിലവിൽ വിവരമൊന്നുമില്ല. കള്ളപ്പണ കേസിൽ ആരോപണം നേരിടുന്ന ബെന്നറ്റ് എബ്രഹാമിന്റെ പാസ്‍പോർട്ട് കാലാവധി ഒരു വർഷം മുന്നേ അവസാനിച്ചിരുന്നു. 

കാരക്കോണം മെഡിക്കൽ കോളേജിൽ തലവരിപ്പണം വാങ്ങിയെന്നും വിദേശ നാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നും അടക്കമുള്ള കേസിലാണ് ഇഡി ബിഷപ്പിനെ ചോദ്യം ചെയ്തത്. ബിഷപ്പിന്റെ ആസ്ഥാനമായ എൽ എം എസിലും കാരക്കോണം മെഡിക്കൽ കോളേജിലും കോളേജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും സി എസ് ഐ സഭാ സെക്രട്ടറി പ്രവീണിന്റെ വീട്ടിലും ഇഡി പരിശോധന നടത്തി. 

കഴിഞ്ഞ ദിവസം 13 മണിക്കൂറോളം പരിശോധന നീണ്ടു. കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിനായി ഇഡി നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ബിഷപ്പ് അടക്കമുള്ളവർ ഹാജരായിരുന്നില്ല. അന്വേഷണം തുടരുമെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന. ഇഡി പരിശോധനയ്ക്ക് പിന്നാലെ ബിഷപ്പിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും മുഖാമുഖം എത്തിയത് സംഘർഷത്തിലേക്ക് നീങ്ങിയിരുന്നു. ബിഷപ്പ് ധർമരാജ് റസാം, ഈ സ്ഥാനത്ത് നിന്ന് സ്വയം മാറിനിൽക്കണമെന്ന ആവശ്യവുമായി മുന്നോട്ട് പോകാനാണ് എതിർക്കുന്നവരുടെ തീരുമാനം. അതേസമയം സഭയെ തകർക്കാൻ ശ്രമിക്കുന്നവരാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് ബിഷപ്പിനെ അനുകൂലിക്കുന്നവരുടെ വാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button