ഡൽഹി: പുതിയ മെഡിക്കൽ കോളജുകൾ ആരംഭിക്കാൻ എംബിബിഎസ് സീറ്റുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ച ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) നടപടി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകും. 10 ലക്ഷം പേർക്ക് 100 എംബിബിഎസ് സീറ്റ് എന്ന അനുപാതം പാലിക്കണമെന്നാണ് കമ്മീഷൻ നിർദ്ദേശം.
ബിരുദ കോഴ്‌സുകൾക്കായി തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വന്നാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മെഡിക്കൽ കോളേജുകൾ ആരംഭിക്കാനോ പുതിയ സീറ്റുകൾ കൂട്ടിച്ചേർക്കാനോ സാധിക്കില്ല. ഇതിനോടകം തന്നെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഈ ബെഞ്ച് മാർക്ക് മറികടന്ന് കഴിഞ്ഞു.
അടുത്ത അധ്യയനവർഷം മുതൽ പുതിയ മെഡിക്കൽ കോളജുകൾക്ക് 50 / 100 / 150 എന്ന ക്രമത്തിലായിരിക്കും സീറ്റ് അനുവദിക്കുന്നത്. നിലവിൽ 100 / 150 / 200 / 250 എന്നിങ്ങനെ ക്രമത്തിലാണ് സീറ്റ് അനുവദിക്കുന്നത്. പാർലമെന്റിൽ നൽകിയ കണക്കുകൾ പ്രകാരം 2021-ലെ കണക്കനുസരിച്ച് 7.64 കോടി ജനസംഖ്യയുള്ള തമിഴ്‌നാട്ടിൽ 11,600 സീറ്റുകളാണുള്ളത്, കർണാടകയിൽ 11,695 സീറ്റുകളും (6.68 കോടി), ആന്ധ്രാപ്രദേശിൽ 6,435 സീറ്റുകളും (5.27 കോടി), കേരളത്തിൽ 4,655 സീറ്റുകളും (3.54 കോടി) ഉണ്ട്. , തെലങ്കാനയിൽ 8,540 സീറ്റുകളാണുള്ളത് (3.77 കോടി).
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, തമിഴ്‌നാട്ടിൽ 7,600 സീറ്റുകൾ മാത്രമേ ഉണ്ടാകു. കർണാടക (6,700), ആന്ധ്രാപ്രദേശ് (5,300), കേരളം (3,500), തെലങ്കാന (3,700) എന്നിങ്ങനെയാണ് സീറ്റുകൾ ഉണ്ടാകുക. അതേസമയം മാർഗനിർദേശങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിക്കില്ലെന്നും ഇക്കാര്യത്തിൽ കേന്ദ്രത്തിന് കത്തെഴുതുമെന്നും കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു.
മെഡിക്കൽ വിദ്യാഭ്യാസം പൊതുജനാരോഗ്യവുമായി അടുത്ത ബന്ധമുള്ളതിനാൽ, സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് എത്ര സീറ്റുകൾ വേണമെന്നത് സംബന്ധിച്ച് തീരുമാനിക്കാൻസർക്കാരുകളെ അനുവദിക്കണമെന്ന് സീനിയർ വാസ്കുലർ സർജൻ ഡോ.ജെ അമലോർപവനാഥൻ അഭിപ്രായപ്പെട്ടു.
എൻഎംസി ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനം മാത്രമാണെന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന സർക്കാരിന്റെ അവകാശങ്ങൾ കവർന്നെടുക്കാൻ അവരെ അനുവദിക്കരുതെന്നും മറ്റ് ആരോഗ്യമേഖലയിലെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ‘മെഡിക്കൽ കോളേജിലെ സീറ്റുകൾ നിയന്ത്രിക്കണമെങ്കിൽ ,സ്വകാര്യ മെഡിക്കൽ കോളേജുകളുടെ കാര്യത്തിൽ തീരുമാനം എടുക്കും.
സംസ്ഥാനം സ്വന്തം ചെലവിൽ മെഡിക്കൽ കോളേജുകൾ തുറന്ന് കൂടുതൽ സീറ്റുകൾ നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ റെഗുലേറ്ററി ബോഡി നോക്കേണ്ടത് നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നതാണ്. സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്താനല്ല. തമിഴ്നാട്ടിൽ നിന്ന് പാസാകുന്ന ഒരു വിദ്യാർത്ഥി ഇവിടെ മാത്രമേ ജോലി ചെയ്യുകയുള്ളൂ എന്നതിന് എന്താണ് ഉറപ്പ്? മറ്റ് സംസ്ഥാനങ്ങളിൽ അവർ പോകില്ലേ? വിദ്യാഭ്യാസ പ്രവർത്തകൻ പ്രിൻസ് ഗജേന്ദ്ര ബാബു ചോദിച്ചു.
കർണാടകയിലെ 22 ജില്ലകളിൽ സർക്കാർ മെഡിക്കൽ കോളേജുകളുണ്ട്, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ സ്വന്തം മണ്ഡലമായ കനകപുരയിൽ ഉൾപ്പെടെ പുതിയത് തുറക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.തമിഴ്‌നാട്ടിൽ 38 സർക്കാർ കോളേജുകളുണ്ട്, സംസ്ഥാനത്ത് ആറെണ്ണം കൂടി തുറക്കാനാണ് സർക്കാർ നീക്കം.
കാസർഗോഡും വയനാട്ടിലും പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കാനാണ് കേരള സർക്കാരിന്റെ പദ്ധതി. 17 പുതിയ സർക്കാർ കോളേജുകൾ തുറന്ന് 2,737 സീറ്റുകൾ കൂട്ടിച്ചേർക്കാൻ ആന്ധ്രാപ്രദേശ് പദ്ധതിയിടുന്നു. ഈ പദ്ധതികളെല്ലാം പുതിയ എൻഎംസി നിയന്ത്രണങ്ങളോടെ പാഴാകും. അതേസമയം കേരളത്തിനെ സംബന്ധിച്ച് പുതിയ നിർദ്ദേശങ്ങൾ ഗുണകരമാകുമെന്നും കൂടുതൽ പിജി സീറ്റുകൾ സംസ്ഥാനത്ത് തുടങ്ങാൻ ആകുമെന്നും കുഹാസ് വിസി മോഹൻ കുന്നുമ്മേൽ പറഞ്ഞു.