കോട്ടയം: ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയിൽ മീനടത്ത് മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി ദമ്പതികളും, സുഹൃത്തും അറസ്റ്റിലായി.68 ഗ്രാം എംഡിഎംഎ യാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്.പുതുപ്പള്ളി മീനടം ഇരവുചിറ വെള്ളത്തടത്തിൽ അമൽ ദേവ് എ.കെ (38), ഭാര്യ ശരണ്യ രാജൻ (36), ഇവരുടെ സുഹൃത്ത് ആലപ്പുഴ സ്വദേശി മാരാരിക്കുളം മായിത്തറ തിരുവിഴ, പുകലപ്പുരയ്ക്കൽ രാഹുൽ രാജ് (33) എന്നിവരാണ് സംഭവമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായത്.
മീനടത്ത് ഇവർ വാടകക്ക് താമസിക്കുകയായിരുന്നു.കാറിൽ ലഹരി മരുന്ന് ഒളിപ്പിച്ച് ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതാണ് പതിവ്. ഇന്നും ഇത്തരത്തിൽ വിൽപ്പന നടത്തി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലാകുന്നത്.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്പിയുടെ ലഹരിവിരുദ്ധസേനയായ ഡാൻസാഫ് സംഘം, പാമ്പാടി പോലീസ്, ഇൻ്റലിജൻസ് വിഭാഗം എന്നിവർ ചേർന്നാണ് ഇവരെ പിടിച്ചത്.
ബാംഗ്ലൂരിൽ നിന്നുമാണ് ഇവർ എംഡിഎംഐ എത്തിച്ചത്.പാമ്പാടിയിലും സമീപപ്രദേശങ്ങളിലും ഇവർ എംഡിഎംഐ വിൽപ്പന നടത്തിവരുന്നുന്നെന്ന വിവരം നേരത്തെ ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് ദിവസങ്ങളായി ഇവരെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. അമൽദേവും, രാഹുൽ രാജും വധശ്രമം, ലഹരി വില്പന തുടങ്ങി നിരവധി കേസുകളിൽ നിലവിൽ പ്രതികളാണ്.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലടക്കം അമലിന് കേസുകളുണ്ട്.രാഹുലിന് വാറണ്ടുള്ളതിനാൽ ദമ്പതികളോടൊപ്പം ഇവിടെ ഒളിച്ചു താമസിക്കുകയായിരുന്നു എന്നാണ് വിവരം.


