കൊച്ചിയിൽ എംഡിഎംഎ വേട്ട;യുവാവ് പിടിയില്‍

കൊച്ചി: കൊച്ചിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. വരാപ്പുഴയിൽ മാരക രാസലഹരിയുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ചേരാനല്ലൂർ സ്വദേശിയും നിലവിൽ വയനാട് കമ്പളക്കാടു താമസക്കാരനുമായ സിബി ജോയ്(24) ആണ് പിടിയിലായത്. രണ്ടു ലക്ഷത്തിൽപരം രൂപ വിലമതിക്കുന്ന 25 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ആന്റി നർകോട്ടിക് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വരാപ്പുഴ എക്‌സൈസ് ഇൻസ്പെക്ടർ അനീഷ് മോഹനും സംഘവുമാണ് വരാപ്പുഴ പാലത്തിനു സമീപത്തു നിന്ന് സിബി പിടികൂടിയത്.

എറണാകുളം ജില്ലയിലെ മയക്കുമരുന്ന് വിപണന ശൃംഖലയിലെ മുഖ്യ കണ്ണിയാണ് സിബിയെന്ന് എക്‌സൈസ് വ്യക്തമാക്കി. കാസർകോട്ടുനിന്നാണ് ഇയാൾ ലഹരി എത്തിച്ചിരുന്നത്. മുന്തിയ ഹോട്ടൽ മുറികളിൽ താമസിച്ചാണ് ഇയാൾ വിൽപനയ്ക്കു ചുക്കാൻ പിടിച്ചിരുന്നത്. മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ ആണ് പ്രതി എക്‌സൈസ് വലയിലായത്. ജില്ലയിലെ മയക്കുമരുന്ന് ലോബികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇയാളിൽ നിന്നും അറിയാൻ സാധിച്ചതായി എക്‌സൈസ് വൃത്തങ്ങൾ അറിയിച്ചു.

പ്രിവന്റീവ് ഓഫീസർ പി.കെ. ഗോപി, എം ടി. ഹാരിസ്, സിവിൽ എക്‌സൈസ് ഓഫീസർ അനൂപ്, അമൽദേവ്, അനീഷ് കെ ജോസഫ്, വുമൺ സിവിൽ എക്‌സൈസ് ഓഫീസർ ജിപ്‌സി, എക്‌സൈസ് ഡ്രൈവർ ജിനിരാജ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News