എംഡിഎംഎ വാങ്ങാന്‍ അമ്മയും മകനും സഞ്ചരിച്ചത് വക്കീലിന്റെ എംബ്ലം പതിച്ച കാറില്‍; എംഡിഎംഎ വിറ്റ് ആഡംബര ജീവിതം; അഭിഭാഷകയും മകനും പിടിയിലായത് ഇങ്ങനെ

ആലപ്പുഴ: എംഡിഎംഎ കേസില്‍ ആലപ്പുഴയിലെ അഭിഭാഷകയേയും ഇവരുടെ പതിനെട്ടു വയസ്സുകാരനായ മകനെയും പോലിസ് പൊക്കിയത് വിദഗ്ധമായ നീക്കത്തിനൊടുവില്‍. അമ്പലപ്പുഴ കരൂര്‍ കൗസല്യ നിവാസില്‍ സൗരവ് ജിത്ത് (18), അഭിഭാഷകയായ അമ്മ സത്യമോള്‍ (46) എന്നിവരാണ് പറവൂരിലെ ഹോട്ടലിന് മുന്നില്‍ മൂന്ന് ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. പിടിക്കപ്പെടാതിരിക്കാന്‍ കൃത്യമായ മുന്നൊരുക്കത്തോടെയായിരുന്നു ഇരുവരുടേയും നീക്കം. മാസത്തില്‍ പലതവണ എംഡിഎംഎ വാങ്ങാന്‍ എറണാകുളത്ത് പോയിരുന്ന ഇവര്‍ കാറില്‍ വക്കീലിന്റെ എംബ്ലം പതിച്ചാണ് പലപ്പോഴും പോലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നത്.

വീട്ടില്‍ സിസിടിവി സ്ഥാപിച്ചും പോലിസിന്റെ നീക്കം ഇവര്‍ മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു. അമ്മയും മകനും ഒന്നിച്ചാണ് പലപ്പോഴും മയക്കുമരുന്ന് വാങ്ങാന്‍ പോയിരുന്നത്. ഗ്രാമിന് 1000 രൂപയ്ക്ക് വാങ്ങുന്ന എംഡിഎംഎ 4000-5000 രൂപയ്ക്കാണ് വിറ്റിരുന്നത്. കൂടിയ വിലയ്ക്ക് എംഡിഎംഎ വിറ്റ് കൊള്ള ലാഭം ഉണ്ടാക്കി ആഡംബര ജീവിതം നയിക്കുന്നതായിരുന്നു ഇവരുടെ രീതി. മാസത്തില്‍ പലതവണ എറണാകുളം ഭാഗത്ത് പോയി ലഹരിവസ്തുക്കള്‍ വാങ്ങിയിരുന്നു. മാസങ്ങളായി ജില്ലാ ലഹരി വിരുദ്ധ ടീം നിരീക്ഷിച്ച ശേഷമാണ് ഇരുവരേയും പിടികൂടിയത്.

സത്യമോള്‍ കരുനാഗപ്പള്ളി ഫാമിലി കോടതിയില്‍ വക്കീലായി ജോലി ചെയ്യുകയായിരുന്നു. അഭിഭാഷകയായ സത്യമോളുടെ ക്രിമനല്‍ ബുദ്ധിയും പോലിസ് നീക്കത്തില്‍ നിന്നും പലതവണ രക്ഷപ്പെടാന്‍ സഹായകമായി. ഇവരുടെ വീട്ടില്‍ യുവാക്കളും കുട്ടികളും അടക്കം നിരവധി പേര്‍ പല സമയങ്ങളിലായി എത്തുന്നതും പോലിസ് നിരീക്ഷിച്ചു വരികയായിരുന്നു. മയക്കു മരുന്ന് വില്‍പ്പനയ്ക്ക് പുറമേ വീട്ടില്‍ ഇരുന്ന് ഉപയോഗിക്കാനും സൗകര്യം ചെയ്ത് നല്‍കിയിരുന്നു, കഞ്ചാവ് വലിക്കുന്നതിനായി വീട്ടില്‍ പ്രത്യേക ഇടം ഒരുക്കിയിരുന്നു. പുറമെ നിന്നുള്ള യുവാക്കളും കുട്ടികളും രാത്രി കാലങ്ങളില്‍ ഇവിടുത്തെ നിത്യ സന്ദര്‍ശകരായിരുന്നു എന്നും പോലീസ് കണ്ടെത്തി.

ജില്ലാ ലഹരി വിരുദ്ധ ടീം മാസങ്ങളായി ഇവരെ നിരീക്ഷിച്ച ശേഷമാണ് ഇവരെ മയക്കുമരുന്നുമായി പിടികൂടിയത്. വീട്ടില്‍ വളര്‍ത്തു പട്ടികളും സി.സി.ടി.വി.യും ഉണ്ടായിരുന്നത് പലപ്പോഴും പോലീസിന്റെ നിരീക്ഷണം ഇവര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. പ്രതികളുടെ വീട്ടില്‍ അമ്പലപ്പുഴ പോലീസ് നടത്തിയ പരിശോധനയില്‍ 2.5 ഗ്രാം എംഡിഎംഎ, 40 ഗ്രാം കഞ്ചാവ്, 2 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, വന്‍തോതില്‍ കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഒസിബി പേപ്പറും പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു.

ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അമ്പലപ്പുഴ ഡിവൈഎസ്പി കെ.എന്‍. രാജേഷിന്റെ നേതൃത്വത്തില്‍ പുന്നപ്ര എസ്.ഐ. അരുണ്‍ എസ്, സീനിയര്‍ സി.പി.ഒ. മാരായ രാജേഷ്‌കുമാര്‍, അഭിലാഷ്, സി.പി.ഒ. മാരായ മുഹമ്മദ് സാഹില്‍, കാര്‍ത്തിക എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News