ഗൂഗിളിനൊപ്പം അദാനിയും എയര്‍ടെല്ലും; ആന്ധ്രയില്‍ ആദ്യ എ.ഐ ഹബ് വരുന്നു

ഗൂഗിളുമായി കൈകോര്‍ത്ത് അദാനി, ഒപ്പം എയര്‍ടെലും; ആന്ധ്രയില്‍ ആദ്യ എ.ഐ ഹബ് വരുന്നു

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ആദ്യ എഐ ഹബ്ബ് സ്ഥാപിക്കാന്‍ ഗൂഗിളിന് പദ്ധതി. അദാനി ഗ്രൂപ്പുമായി ചേര്‍ന്നാണ് ഗൂഗിള്‍ ഭീമന്‍ ഡാറ്റാ സെന്ററും എഐ ബേസും സ്ഥാപിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആല്‍ഫബെറ്റ് മേധാവി സുന്ദര്‍ പിച്ചൈ പദ്ധതിയുടെ വിവരങ്ങള്‍ അദ്ദേഹവുമായി പങ്കുവെച്ചു.

ഡാറ്റാ സെന്ററും എഐ ബേസും നിര്‍മിക്കുന്നതിനായി 1500 കോടി ഡോളറാണ് ഗൂഗിള്‍ അടുത്ത അഞ്ച് വര്‍ഷക്കാലം കൊണ്ട് നിക്ഷേപിക്കുക. രാജ്യത്ത് ഗൂഗിള്‍നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമായിരിക്കും ഇത്. കേന്ദ്രസര്‍ക്കാരിന്റെ വികസിത് ഭാരത് 2047 ദൗത്യത്തിന്റെ ഭാഗമായാണ് ഈ പദ്ധതിയെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയ്ക്കും യുഎസിനും സാമ്പത്തികവും സാമൂഹികവുമായ വമ്പന്‍ അവസരങ്ങള്‍ ഇതുവഴി ഒരുങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.വിശാഖപട്ടണത്ത് ഗൂഗിളുമായി ചേര്‍ന്ന് ഇന്ത്യയിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്റര്‍ കാമ്പസ് സ്ഥാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

ഡീപ്പ് ലേണിങ്, ന്യൂറല്‍ നെറ്റ് വര്‍ക്ക് പരിശീലനം, ലാര്‍ജ് സ്‌കെയില്‍ എഐ മോഡല്‍ ഇന്‍ഫറന്‍സ്, കൂടാതെ ആരോഗ്യ സംരക്ഷണം, കൃഷി മുതല്‍ ലോജിസ്റ്റിക്‌സ്, ധനകാര്യം വരെയുള്ള ഇന്ത്യയിലെ ഏറ്റവും നിര്‍ണായക മേഖലകള്‍ക്കായി എഐ അധിഷ്ഠിത സേവനങ്ങള്‍ ത്വരിതപ്പെടുത്തുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ സാധിക്കുന്ന ടിപിയു, ജിപിയു അധിഷ്ഠിത കംപ്യൂട്ടിങ് ശക്തി ഈ കേന്ദ്രത്തിലുണ്ടാവുമെന്നും അദാനി പറഞ്ഞു.

ഇന്ത്യയുടെ എഐ വിപ്ലവത്തിന് ശക്തിപകരുന്ന എഞ്ചിന്‍ എന്നാണ് അദാനി ഈ എഐ ഹബ്ബിനെ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ എഐ വിപ്ലവത്തിന് ശക്തിപകരുന്ന എഞ്ചിന്‍ നിര്‍മിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. അദാനി കൂട്ടിച്ചേര്‍ത്തു.ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവിയുടെ നിര്‍ണായക നിമിഷമാണ് ഗൂഗിളുമായുള്ള ഈ പങ്കാളിത്തമെന്ന് ഭാരതി എയര്‍ടെല്‍ വൈസ് ചെയര്‍മാനും എംഡിയുമായ ഗോപാല്‍ വിത്തല്‍ പറഞ്ഞു.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഇന്ത്യയിലെ ആദ്യത്തെ എഐ ഹബ് സ്ഥാപിക്കുന്നതിനായി ഭാരതി എയര്‍ടെല്‍ ഗൂഗിളുമായി കൈകോര്‍ക്കുകയാണ്‌. ഇതോടെ, ഇന്ത്യയ്ക്ക് ഏറെ ആവശ്യമുള്ള എഐ വര്‍ക്ക്ലോഡുകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഒരു ഗിഗാവാട്ട് സ്‌കെയില്‍ ഡാറ്റാ സെന്റര്‍ എയര്‍ടെല്‍ സ്ഥാപിക്കും. കൂടാതെ, ഗൂഗിളിന്റെ പുതിയ അന്താരാഷ്ട്ര സബ്സീ കേബിളുകള്‍ ഹോസ്റ്റുചെയ്യുന്നതിനായി എയര്‍ടെല്‍ ഒരു അത്യാധുനിക കേബിള്‍ ലാന്‍ഡിംഗ് സ്റ്റേഷന്‍ നിര്‍മിക്കും, അതോടൊപ്പം ശക്തമായ ഒരു ഇന്‍ട്രാ-സിറ്റി, ഇന്റര്‍-സിറ്റി ഫൈബര്‍ നെറ്റ്വര്‍ക്ക് സൃഷ്ടിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യും. ഇന്ത്യയുടെ ഡിജിറ്റല്‍ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിലും രാജ്യവ്യാപകമായി വേഗതയേറിയതും മികച്ചതുമായ എഐ അനുഭവങ്ങള്‍ നല്‍കുന്നതിലും ഈ ശ്രമങ്ങള്‍ നിര്‍ണായകമാകും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ഭാരതി എയര്‍ടെല്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News