ഗുരുഗ്രാം: സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥയും അവരുടെ എം.ബി.എ. വിദ്യാര്‍ഥിനിയായ മകളും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍. ഗുരുഗ്രാമിലെ പ്രമുഖ ഹൗസിങ് സൊസൈറ്റിയില്‍ താമസിക്കുന്ന വീണാ ഷെട്ടി(46) മകള്‍ യാഷിക ഷെട്ടി(24) എന്നിവരെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ആത്മഹത്യയിലേക്ക് നയിച്ച കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
യാഷികയെ കിടപ്പുമുറിയിലും വീണയെ കിടപ്പുമുറിയിലെ ശൗചാലയത്തിലുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് ഹൗസിങ് സൊസൈറ്റി മാനേജര്‍ അശോക് വര്‍മ പറഞ്ഞു. ഇരുവരെയും മരിച്ചനിലയില്‍ കണ്ടതോടെ ഇദ്ദേഹം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഈ വര്‍ഷം ജനുവരിയിലാണ് ടാക്‌സ് കണ്‍സള്‍ട്ടന്റായിരുന്ന ഹരീഷ് ഷെട്ടിയും കുടുംബവും ഗുരുഗ്രാമിലെ ഹൗസിങ് സൊസൈറ്റിയില്‍ താമസം ആരംഭിച്ചത്.
ഹരീഷ് ഷെട്ടിയെ ജൂലായ് ആറിന് ഒരു ഹോട്ടലില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഹരീഷിന്റെ മരണത്തെ തുടര്‍ന്നുള്ള വിഷമം കാരണം വീണയും മകളും ജീവനൊടുക്കിയതാകാമെന്നാണ് നിഗമനം. എന്നാൽ മറ്റൊരു മകളെ കൂട്ടാതെ ആത്മഹത്യ ചെയ്തതിൽ ദുരൂഹതയുണ്ടെന്നാണ് ചിലർ ആരോപിക്കുന്നത്. വീണ ഒരു സ്വകാര്യ സ്ഥാപനത്തിലെ സെയില്‍സ് വിഭാഗത്തില്‍ ഉദ്യോഗസ്ഥയായിരുന്നു. ഇരട്ടകളായ രണ്ട് പെണ്‍മക്കളാണ് ദമ്പതിമാര്‍ക്കുള്ളത്. മരിച്ച യാഷിക എം.ബി.എ. വിദ്യാര്‍ഥിനിയായിരുന്നു. മറ്റൊരു മകള്‍ നിയമവിദ്യാര്‍ഥിനിയാണ്.