തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണന് വാട്ടര്‍ ബില്ലായി വന്നത് 70,258 രൂപ. നാലു മാസത്തെ ജലഉപഭോഗത്തിനാണ് ഇത്രയും വലിയ ബില്‍ ജല അതോറിറ്റിയിട്ടത്. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടപെട്ടതോടെ ബില്‍ തുക 197 രൂപയായി.
വഴുതക്കാട് ഈശ്വരവിലാസം റോഡിലാണ് മേതില്‍ വാടകയ്ക്ക് താമസിക്കുന്നത്. ഏപ്രിലില്‍ 48രൂപ മാത്രമായിരുന്നു ബില്‍ വന്നത്. മെയ്, ജൂണ്‍ മാസങ്ങളിലെ ബില്‍ എടുത്തിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ബില്‍ ലഭിച്ചത്. കുടിശിക ഇനത്തില്‍ 51,656 രൂപയും വാട്ടര്‍ ചാര്‍ജായി 18,592 രൂപയും ഉള്‍പ്പടെ 70,258 രൂപ ബില്‍ വരികയായിരുന്നു.
ശനിയാഴ്ചയ്ക്കുള്ളില്‍ ബില്‍ അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്നും രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് പരാതി നല്‍കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട മന്ത്രി റോഷി അഗസ്റ്റിന്‍ വീണ്ടും റീഡിങ് എടുക്കാന്‍ നിര്‍ദേശം നല്‍കി. അപാകത കണ്ടെത്തിയതോടെ ബില്‍തുക 197 രൂപയായി.
മറ്റൊരു ഉപഭോക്താവിന്റെ റീഡിങ്ങാണ് മേതിലിന്റെ ബില്ലില്‍ തെറ്റായി രേഖപ്പെടുത്തിയതെന്ന് ജല അതോറിറ്റി വിശദീകരിച്ചു. ഇത്തരത്തില്‍ നിരവധി പരാതികളാണ് ലഭിക്കുന്നത്.