KeralaNews

വെള്ളക്കെട്ടില്‍ ദുരിതത്തിലായി കൊച്ചി; കാരണം മേഘവിസ്ഫോടനമെന്ന് മേയർ എം അനിൽ കുമാർ

കൊച്ചി: മേഘവിസ്ഫോടനമാണ് കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് കാരണമെന്ന് കൊച്ചി മേയർ എം അനിൽ കുമാർ. വേലിയേറ്റമാണ് വെള്ളം ഇറങ്ങാൻ വൈകിയതിന് പിന്നിലെന്നും  മേയർ പറയുന്നു. കാലാവസ്ഥ വ്യതിയാനം ഉൾക്കൊണ്ടുള്ള നിർമാണ പ്രവർത്തനങ്ങളിലൂടെയേ വെള്ളക്കെട്ട് ഒഴിവാക്കാനാകൂ എന്ന് അനിൽ കുമാർ പറഞ്ഞു.

തോടുകളെല്ലാം നിറഞ്ഞ് നില്‍ക്കുന്നതില്‍ വീടുകളില്‍ ഒരിക്കല്‍ കയറിയ വെള്ളം ഇറങ്ങി പോകാത്ത ദുഃഖകരമായ അവസ്ഥയാണ്. സംവിധാനങ്ങളുടെ പരാജയങ്ങള്‍ ‘ഓപ്പറേഷന് ബ്രേക്ക് ത്രൂവി’ന് തടസമായി എന്നും എം അനിൽ കുമാർ കൂട്ടിച്ചേര്‍ത്തു. അതേസമയം, അശാസ്ത്രീയമായ നിര്‍മ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ‘ഓപ്പറേഷൻ ബ്രേക്ക് ത്രൂ’ കാര്യക്ഷമമായി നടപ്പാക്കിയില്ലെന്ന് കൊച്ചി മുൻ മേയർ സൗമിനി ജെയിൻ കുറ്റപ്പെടുത്തി.

ഇന്നലെ രാവിലെ പെയ്ത തീവ്രമഴയില്‍ കൊച്ചി നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. കലൂർ സ്റ്റേഡിയം റോഡ് വെള്ളത്തിൽ മുങ്ങി. കലൂർ അടക്കമുള്ള സ്ഥലങ്ങളിലും ഹൈക്കോടതിക്ക് മുന്നിലും വെള്ളക്കെട്ട് ഉണ്ടായി. നിരവധി വീടുകളിൽ വെള്ളം കയറി. വെള്ളക്കെട്ട് കാരണം കലൂർ വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. എന്നാല്‍, പെരിയാർ അടക്കമുള്ള പുഴകളിൽ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല.

എറണാകുളം സൗത്ത്, നോർത്ത് റെയിൽവെ സ്റ്റേഷനുകളിലെ ട്രാക്കുകളില്‍ വെള്ളമെത്തിയത് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താറുമാറാക്കി. സിഗ്നലിംഗിന് സംഭവിച്ച തകരാർ ഭാഗികമായി പരിഹരിച്ചെങ്കിലും ദീർഘദൂര ട്രെയിനുകളടക്കം വൈകിയോടുന്നത് തുടരുകയാണ്. അതേസമയം, നഗരത്തിലെ കനത്ത മഴയിൽ വെള്ളക്കെട്ടുണ്ടായി ഗതാഗതം തടസ്സപ്പെട്ടതോടെ കൊച്ചി മെട്രോയിൽ യാത്രക്കാർ കൂടി. ഇന്നലെ 96,916 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. 

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണെങ്കിലും ഒറ്റപ്പെട്ട അതിശക്തമായ മഴയെ കരുതിരിക്കണം എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് കൂടുതല്‍ മഴ സാധ്യത. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് കൂടുതല്‍ മഴ സാധ്യത. ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകാനും പുലർച്ചെ വരെ മഴ തുടരാനും സാധ്യതയുണ്ട്. അതിനാൽ മലയോര മേഖലകളിൽ അടക്കം കനത്ത ജാഗ്രത വേണം എന്നാണ് നിർദ്ദേശം. 

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. തെക്കേ ഇന്ത്യക്ക് മുകളിലായി നിലനിൽക്കുന്ന അന്തരീക്ഷ ചുഴിയും അതിന് കാരണമായ താഴ്ന്ന മർദ്ദനിലയുമാണ് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുന്നതിന് കാരണം. ഇത് വടക്കോട്ട് നീങ്ങുന്നതിന് അനുസരിച്ച് വടക്കൻ കേരളത്തിൽ മഴ ശക്തമായേക്കും. കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, കോട്ടയം ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (31/08/2022 ബുധനാഴ്ച) കളക്ട‍ര്‍മാര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്. ഇതോടൊപ്പം ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. നേരത്തെ നിശ്ചയിച്ച സര്‍വ്വകലാശാലാ പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button