25.4 C
Kottayam
Friday, May 17, 2024

യുഡിഎഫിലേക്ക് മടങ്ങിയേക്കില്ല; തല്‍ക്കാലം ഒരു പാര്‍ട്ടിയിലേക്കുമില്ലെന്നും സജി മഞ്ഞക്കടമ്പിൽ

Must read

കോട്ടയം: യുഡിഎഫിലേക്ക് തിരിച്ചു പോകില്ലെന്ന സൂചന നൽകി കോട്ടയം ജില്ല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ. മോൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിലേക്ക് തിരിച്ചുപോയാൽ ദുരന്തമാകുമെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. പ്രശ്നങ്ങൾ തിരുവഞ്ചൂരടക്കം കോൺ​ഗ്രസിലെ പ്രധാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. തൽക്കാലം ഒരു പാർട്ടിയിലേക്കുമില്ലെന്നും സജി പറഞ്ഞു. ജോസ് കെ മാണിയുടെ നല്ല വാക്കുകളിൽ അഭിമാനിക്കുന്നു എന്നും സജി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് സജി മഞ്ഞക്കടമ്പിൽ കോട്ടയം യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡൻ്റ് സ്ഥാനവും രാജിവച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുന്നില്ലെന്നായിരുന്നു സജിയുടെ പരാതി.

സജിയുടെ  രാജിയില്‍ കോണ്‍ഗ്രസ് നേതൃത്വം കടുത്ത അതൃപ്തി  രേഖപ്പെടുത്തി. സജി മഞ്ഞക്കടമ്പിലിനെ തിരിച്ചു കൊണ്ടുവരാനുള്ള കോൺഗ്രസ് നീക്കവും പാളിയിരുന്നു. കോൺഗ്രസ് നേതാക്കളുടെ അനുനയ നീക്കത്തോട് സജി അനുകൂലമായി പ്രതികരിക്കാൻ തയാറാകാത്തതാണ് പ്രശ്നം. 

തിരഞ്ഞെടുപ്പിന്‍റെ നിര്‍ണായക ഘട്ടത്തില്‍ മുന്നണിയുടെ ജില്ലാ ചെയര്‍മാന്‍റെ രാജിയില്‍ നടുങ്ങിപ്പോയ കോണ്‍ഗ്രസ് പ്രശ്നം തീര്‍ക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാൻ സജി തയാറായിട്ടില്ല . മോൻസ് ജോസഫുമായി സഹകരിച്ച് മുന്നോട്ടു പോകാനാകില്ലെന്ന് സജി നിലപാട് എടുത്തതോടെയാണ് ചർച്ചകൾ വഴി മുട്ടിയത് . പി ജെ ജോസഫിനോട്  ഫോണിൽ പോലും സംസാരിക്കാനും സജി തയാറാകാതെ വന്നതോടെ കോൺഗ്രസ് നേതൃത്വവും ഒത്തു തീർപ്പു നീക്കങ്ങളിൽ നിന്ന് തൽക്കാലത്തേക്ക് പിൻമാറി. സജിക്ക് പകരം യുഡിഎഫ് ജില്ലാ ചെയർമാനായി മുതിർന്ന നേതാവ് ഇ ജെ അഗസ്തിയെ നിയമിക്കാൻ പിജെ ജോസഫ് തീരുമാനിക്കുകയും ചെയ്തു.

സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ മാണി രംഗത്തെത്തിയിരുന്നു. സജി മഞ്ഞക്കടമ്പിൽ  മികച്ച സംഘാടകൻ ആണെന്നും പൊളിറ്റിക്കൽ ക്യാപ്റ്റൻ ആണ് പുറത്ത് വന്നതെന്നുമാണ് ജോസ് കെ മാണിയുടെ പരാമർശം.  ജില്ലയിലെ പാർട്ടിയുടെ ഒന്നാമനാണ് രാജിവെച്ചതെന്ന് ചൂണ്ടിക്കാണിച്ച ജോസ് കെ മാണി അതൊരു ചെറിയ കാര്യമായി കാണാൻ കഴിയില്ലെന്നും യുഡിഎഫിന്റെ പതനം ആണ് സൂചിപ്പിക്കുന്നതെന്നും വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week