28.4 C
Kottayam
Tuesday, April 30, 2024

അവിശ്വസനീയം..ആവേശം വാനോളം! ഇരട്ടസെഞ്ചുറിയായി മാക്‌സ്വെല്ലിന്റെ വിളയാട്ടം,അഫ്ഗാനെ തകര്‍ത്ത് ഓസ്‌ട്രേലിയ

Must read

മുംബൈ: ഏകദിന ലോകകപ്പിലെ ആവേശ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് 3 വിക്കറ്റ് ജയം. തകർന്നടിഞ്ഞ ബാറ്റിങ് നിരയ്ക്കു മുന്നിൽ വിജയമാഘോഷിക്കാൻ വെമ്പിനിന്ന അഫ്ഗാൻ ബോളർമാർ ഗ്ലെൻ മാക്സ്‌വെൽ (201*) എന്ന പോരാളിക്കു മുന്നിൽ മുട്ടുമടക്കി.

ഉറപ്പാക്കിയ ജയം തട്ടിപ്പറിച്ച മാക്സ്‌വെലിന്റെ അസാധാരണ പ്രകടനത്തിനു മുന്നിൽ കാഴ്ചക്കാരായി നിൽക്കാൻ മാത്രമേ അഫ്ഗാൻ താരങ്ങൾക്കായുള്ളൂ. 91 റൺസ് നേടുന്നതിനിടെ ഏഴു വിക്കറ്റു നഷ്ടപ്പെട്ട ഓസീസിനെ മാക്സ്‌വെൽ ഒറ്റയ്ക്ക് ചുമലിലേറ്റി. 128 പന്തുകൾ നേരിട്ട മാക്സ്‌വെൽ 10 സിക്സും 21 ഫോറും സഹിതം 201 റൺസാണ് അടിച്ചു കൂട്ടിയത്.

കളി തീരാന്‍ 19 പന്തുകൾ അവശേഷിക്കേ മാക്സ്‌വെൽ വിജയറൺ കുറിച്ചു. ജയത്തോടെ ഓസ്ട്രേലിയ സെമി ബർ‌ത്ത് ഉറപ്പിച്ചു. സ്കോർ: അഫ്ഗാനിസ്ഥാൻ – 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 291. ഓസ്ട്രേലിയ 46.5 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 293 റൺസ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് നിലയുറപ്പിക്കും മുൻപ് ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറിൽ ഓപ്പണർ ട്രാവിസ് ഹെഡിനെ (0) ഇക്രം അലിഖിലിന്റെ കൈകളിലെത്തിച്ച് നവീനുൽ ഹഖാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. ആറാം ഓവറിൽ സ്കോർ 43ൽ നില്‍ക്കേ മിച്ചൽ മാർഷ് (11 പന്തിൽ 24) പുറത്തായി. ഇത്തവണയും നവീനുൽ ഹഖാണ് വിക്കറ്റ് നേടിയത്. ഒൻപതാം ഓവറിലെ ആദ്യ രണ്ടു പന്തുകളിൽ ഡേവിഡ് വാർണറും (29 പന്തിൽ 18) ജോഷ് ഇംഗ്‌ലിസും (0) പുറത്തായി. മാർനസ് ലബുഷെയ്ൻ (28 പന്തിൽ 14), മാർക്കസ് സ്റ്റോയിനിസ് (ഏഴ് പന്തിൽ ആറ്), മിച്ചൽ സ്റ്റാര്‍ക്ക് (ഏഴ് പന്തിൽ മൂന്ന്) എന്നിവർ നിരാശപ്പെടുത്തി. 

19–ാം ഓവറിൽ 7ന് 91 എന്ന നിലയിലേക്ക് ഓസീസ് തകർന്നു. ഇവിടെനിന്നാണ് ക്യാപ്റ്റൻ പാറ്റ് കമിൻസിനെ കൂട്ടുപിടിച്ച് മാക്സ്‌വെൽ ഇന്നിങ്സ് പടുത്തുയർത്തിയത്. ഇതിനിടെ കിട്ടിയ അവസരത്തിൽ മാക്സ്‌വെല്ലിനെ അഫ്ഗാൻ ഫീൽഡർ വിട്ടുകളഞ്ഞതിന് നൽകേണ്ടിവന്നത് വലിയ വിലയാണ്. ടൂർണമെന്റിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് മാക്സ്‌വെല്‍ കുറിച്ചത്. 

അഫ്ഗാനിസ്ഥാനു വേണ്ടി നവീനുൽ ഹഖ്, അസ്മത്തുല്ല ഒമർസായ്, റാഷിദ് ഖാൻ എന്നിവർ രണ്ട് വിക്കറ്റു വീതം നേടി. ഈ ലോകകപ്പിൽ ഇനി അഫ്ഗാന് തിരിച്ചുവരാനുള്ള അവസരം ഇല്ലെന്നു വേണം കരുതാൻ. അടുത്ത മത്സരത്തിൽ അവർക്ക് നേരിടാനുള്ളത് കരുത്തരായ ദക്ഷിണാഫ്രിക്കയെയാണ്. ബംഗ്ലദേശിനെതിരെയാണ് ഓസീസിന്റെ മത്സരം.

നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 291 റൺസെടുത്തത്. ഇബ്രാഹിം സദ്രാന്റെ സെഞ്ചറിക്കരുത്തിലാണ് അഫ്ഗാനിസ്ഥാൻ മികച്ച സ്കോറിലെത്തിയത്. 143 പന്തുകൾ നേരിട്ട സദ്രാൻ 129 റൺസെടുത്തു പുറത്താകാതെനിന്നു. 131 പന്തുകളിൽനിന്നാണ് സദ്രാൻ സെഞ്ചറി തികച്ചത്. ലോകകപ്പിൽ ഒരു അഫ്ഗാൻ താരത്തിന്റെ ആദ്യ സെഞ്ചറിയാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week