പെരുമ്പാവൂർ: മാട്രിമോണിയൽ സൈറ്റ് വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും പരിചയപ്പെടുന്ന യുവാക്കളെ ജീവിത പങ്കാളിയാക്കാമെന്നും ബിസിനസ് പാർട്ണർ ആക്കാമെന്നും പറഞ്ഞ് പലരിൽ നിന്നും പല പേരുകളിലായി പണം തട്ടിയെടുത്ത യുവതി പെരുമ്പാവൂർ പോലീസിന്റെ പിടിയിൽ. ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) ആണ് പിടിയിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയിൽ നിന്നും 50 ലക്ഷം തട്ടിയെടുത്ത കേസിലാണ് ഇവരെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
2024 സെപ്റ്റംബർ മൂന്ന് മുതൽ നവംബർ 20 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായാണ് ഇവർ പണം കൈക്കലാക്കിയത്. ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും പണം കൈക്കലാക്കിയ ഇവർ യുവാവിനെ ബിസിനസ് പാർട്ണർ ആക്കുകയോ പണം തിരികെ നൽകുകയോ ചെയ്തില്ല. യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പെരുമ്പാവൂർ പോലീസ് പ്രതിയെ ഓടക്കാലിയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.
വയനാട്, കോഴിക്കോട്, മലപ്പുറം, കോതമംഗലം ആലുവ പ്രദേശങ്ങളിൽ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായി വിവരമുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയത്തിലാകുന്ന യുവാക്കളോട് ആദ്യം ചെറിയ തുക ആവശ്യപ്പെടും. പിന്നീട് വിവാഹത്തിന് തയ്യാറാണെന്നും ബിസിനസ് പാർട്ണറാക്കാമെന്നും വാഗ്ദാനം നൽകി കൂടുതൽ തുക വാങ്ങും. എറണാകുളത്തെ മാളിലേക്ക് കാരിബാഗുകൾ എത്തിക്കുന്നതിന്റെ ഓർഡർ വാങ്ങി നൽകാമെന്ന് പറഞ്ഞ് കോതമംഗലം സ്വദേശിയിൽ നിന്ന് 20 ലക്ഷത്തോളം രൂപയും ആലുവ സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപയും കബളിപ്പിച്ചെടുത്തതായി പോലസിന് വിവരം ലഭിച്ചിട്ടുണ്ട്.
തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്. ഇവർ വിവാഹിതയാണ്. കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. പെരുമ്പാവൂർ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി യുവതിയെ റിമാൻഡ് ചെയ്തു.


