കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്തു; പൂട്ട് പൊളിച്ച് മാത്യു കുഴല്‍നാടനും നാട്ടുകാരും

മൂവാറ്റുപുഴ: അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാത്ത സമയം മക്കളായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വീട്ടില്‍ നിന്നു പുറത്താക്കി ജപ്തി ചെയ്ത് ബാങ്കിന്റെ ക്രൂരത. മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തില്‍ വലിയപറമ്പില്‍ അജേഷിന്റെ വീടാണ് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയാണ് അജേഷിന് കൂട്ടിരിക്കുന്നത്.

ജപ്തി നടപടിയുമായി ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ നാല് കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ജപ്തി നടപടിക്ക് സാവകാശം അഭ്യര്‍ഥിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. ഇവര്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി.

എന്നാല്‍ വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ നേതൃത്വത്തില്‍ പ്രാദേശിക നേതാക്കള്‍ എത്തി പ്രതിഷേധിക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ നേരിട്ടെത്തി ജപ്തി ചെയ്ത വീട് തുറന്ന് കൊടുക്കുമെന്ന് എംഎല്‍എയെ അറിയിച്ചിരുന്നു.

രാത്രി വൈകിയിട്ടും ബാങ്കിന്റെ ഭാഗത്തു നിന്നു വീട് തുറന്നുകൊടുക്കാനുള്ള നടപടികള്‍ ഒന്നും ഉണ്ടാവാത്തതോടെ എംഎല്‍എ തന്നെ വീടിന്റെ പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അര്‍ബന്‍ ബാങ്കില്‍ നിന്നു ഒരു ലക്ഷം രൂപയാണ് അജേഷ് ലോണെടുത്തത്. അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശ ഉള്‍പ്പടെ 1,40,000 രൂപ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News