പത്തനംതിട്ട:വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ കിണറ്റില്‍ വീണു മരിച്ച മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവധിക്കില്ലെന്ന് ബന്ധുക്കള്‍. ആരോപണവിധേയരായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തെങ്കില്‍ മാത്രമേ മൃതദേഹം സംസ്‌കരിക്കു എന്ന നിലപാടിലാണ് മത്തായിയുടെ ബന്ധുക്കള്‍.
അതിനിടെ ആസൂത്രിത കൊലപാതകമാണെന്ന് മരിച്ച മത്തായിയുടെ സഹോദരന്‍ വില്‍സണ്‍ പറഞ്ഞു. മൃതപ്രായനായ മത്തായിയെ വനംവകുപ്പ് കിണറ്റില്‍ തള്ളിയതാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ല. വെള്ളംകുടിച്ച് മരിച്ചു എന്നാണ് പറയുന്നത്. വെള്ളത്തില്‍ വീണാല്‍ വായിലും മൂക്കിലും വെള്ളം കേറും. എന്നാല്‍ വെള്ളത്തില്‍ എടുത്ത് ഇട്ടാലും അത് ഉണ്ടാകും. ഫോറസ്റ്റുകാര്‍ കസ്റ്റഡിയില്‍ എടുത്ത ഒരു വ്യക്തി എങ്ങനെ കിണറ്റില്‍ പോകും. അവര്‍ക്കാണ് അതില്‍ ഉത്തരവാദിത്വമെന്നും സഹോദരന്‍ വ്യക്തമാക്കി.
മത്തായി മുങ്ങി മരിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മത്തായിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.