ന്യൂഡല്‍ഹി: ഡല്‍ഹി തുഗ്ലക്കാബാദിലെ ചേരിയിലുണ്ടായ തീപിടിത്തത്തില്‍ 1500ഓളം കുടിലുകള്‍ കത്തിനശിച്ചു. അര്‍ധ രാത്രിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ ആരും മരണപ്പെട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിരവധി പേര്‍ക്ക് താമസ സ്ഥലം നഷ്ടമായി.
പോലീസിന് തീപിടുത്തത്തെക്കുറിച്ച് വിവരം ലഭിച്ചത് പുലര്‍ച്ചെ ഒരു മണിക്കാണ്. പോലീസ് പെട്ടെന്ന് തന്നെ സ്ഥലത്തെത്തിയെങ്കിലും ആയിരത്തിനും രണ്ടായിരത്തിനുമിടക്കുള്ള കുടിലുകള്‍ക്ക് അപ്പോള്‍ തന്നെ തീപിടിച്ചിട്ടുണ്ടായിരുന്നു. ഇക്കാര്യം സൗത്ത് ഈസ്റ്റ് ഡല്‍ഹി ഡിസിപി രാജേന്ദ്ര പ്രസാദ് മീണ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
30 ഫയര്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് തീകെടുത്തിയത്. 12.15ഓടെ തീപിടുത്തത്തെക്കുറിച്ച് വിവരം ലഭിച്ചുവെന്ന് അഗ്‌നിശമന സേനാ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ആര്‍ക്കും അപകടമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തില്ലെന്നാണ് വിവരം. ചേരിയിലെ നാശനഷ്ടങ്ങളുടെ കണക്ക് സംസ്ഥാന സര്‍ക്കാര്‍ ശേഖരിക്കാന്‍ തുടങ്ങി.