‘മണി ഹെയ്സ്റ്റ്’ അവസാനിപ്പിയ്ക്കുന്നു,പ്രഖ്യാപനവുമായി നെറ്റ്ഫ്‌ലിക്‌സ്
വാഷിംങ്ടണ്‍: ജനപ്രിയ വെബ് സീരിസ് ‘മണി ഹെസ്റ്റ്’ അഞ്ചാം സീസണോടെ അവസാനിക്കുമെന്ന് അറിയിച്ച് നെറ്റ്ഫ്‌ലിക്‌സ്. ലോകത്തെങ്ങും ആരാധകരുള്ള റോബറി ത്രില്ലര്‍ സീരിസിന്റെ നാലാം സീസണിന് വലിയ സ്വീകരണമാണ് ലോകമെങ്ങും ലഭിച്ചത്. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച ട്വീറ്റിലൂടെ ഫൈനല്‍ സീസണ്‍ പ്രഖ്യാപനം ഷോ സ്ട്രീം ചെയ്യുന്ന പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ് പ്രഖ്യാപിച്ചത്.
അതേ സമയം അവസാന സീസണിന്റെ ചിത്രീകരണം ഉടന്‍ തന്നെ സ്‌പെയിനില്‍ ആരംഭിക്കും എന്നാണ് വെറൈറ്റിയുടെ റിപ്പോര്‍ട്ട് പറയുന്നത്. അടുത്ത സീസണ്‍ ചിത്രീകരണത്തിനായി ഒരു വര്‍ഷത്തോളം നീണ്ട പ്രവര്‍ത്തനങ്ങളാണ് നടത്തിയത് എന്നാണ് ഷോ ക്രിയേറ്ററായ അലക്‌സ് പിന പറയുന്നത്.
ലാ കാസ ഡീ പാപേല്‍ എന്ന പേരില്‍ സ്പാനീഷ് ഭാഷയില്‍ ഇറങ്ങിയ സീരിസാണ് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച മണി ഹെസ്റ്റായി മാറിയത്. പ്രഫസര്‍ എന്ന സമര്‍ദ്ധനായ ആസൂത്രകന്റെ നേതൃത്വത്തില്‍ വന്‍ മോഷണം നടത്തുന്ന ഒരു കൂട്ടം കള്ളന്മാരുടെ കഥയാണ് മണി ഹെസ്റ്റ്. ഇവരും പൊലീസും തമ്മിലുള്ള പൂച്ച എലി കളിയാണ് സീരിസിന്റെ ഒരോ എപ്പിസോഡിനെയും ത്രില്ലുള്ളതാക്കുന്നത്.