തിരുവനന്തപുരം: ലോക്ഡൗണ്‍ വരുന്നതോടെ സമൂഹത്തിലെ രോഗ വ്യാപനം കുറയുമെങ്കിലും വീടുകള്‍ക്കുള്ളില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍. അല്ലെങ്കില്‍ രോഗ വ്യാപന കേന്ദ്രങ്ങളായി വീടുകള്‍ മാറുമെന്നാണ് മുന്നറിയിപ്പ്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തുമെന്ന ശക്തമായ മുന്നറിയിപ്പ് വന്നതോടെയാണ് അടിയന്തര ലോക്ഡൗണിലേക്ക് സര്‍ക്കാര്‍ കടന്നത്.
സംസ്ഥാനം വീണ്ടും ലോക്ഡൗണിലേക്ക് കടക്കുകയാണ്. സമൂഹത്തിലെ വ്യാപനം വലിയ തോതില്‍ കുറയ്ക്കാനിത് സഹായിക്കും. എന്നാല്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത് വീടുകള്‍ക്കുള്ളിലാണ് എന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. വീടുകള്‍ക്കുള്ളില്‍ രോഗ ബാധ ഉണ്ടാകാന്‍ ഇടയുള്ള സാഹചര്യം കുറയ്ക്കണം. വീടുകള്‍ക്കുള്ളിലും മാസ്‌ക് ധരിക്കുന്നത് രോഗബാധ നിയന്ത്രിക്കാന്‍ സഹായിക്കും. ഇനി അതായിരിക്കണം ലക്ഷ്യം.
പ്രതിദിന വര്‍ധന തുടര്‍ച്ചയായ രണ്ടാം ദിവസവും 40000ന് മേലാണ്. 29882 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഐസിയുകളില്‍ 2049 പേരും വെന്റിലേറ്ററുകളില്‍ 807 പേരുമാണ് ചികിത്സയിലുള്ളത്. കിടത്തി ചികിത്സക്ക് കിടക്കകളില്ല. തീവ്രപരിചരണം നല്‍കാനാകാത്ത സ്ഥിതി. മരണ നിരക്കിലും ഉയര്‍ച്ചയാണ്. പലയിടത്തും ചെറിയ തോതിലെങ്കിലും ഓക്‌സിജന്‍ ക്ഷാമവുമുണ്ട്. നിറയ്ക്കുന്ന സിലിണ്ടറുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തീരുന്നു. അടച്ചിടല്‍ അല്ലാതെ മറുവഴി ഇല്ലെന്ന് വ്യക്തം. ഇനി സ്വയം പ്രതിരോധം കൂടിയെടുത്താല്‍ രോഗ വ്യാപന തീവ്രത കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.
കൊവിഡ് വ്യാപനം വര്‍ദ്ധിച്ചതോടെ സംസ്ഥാനത്ത് ഒമ്പത് ദിവസത്തെ ലോക്ഡൗണ്‍ നാളെ തുടങ്ങും. പച്ചക്കറി പലചരക്ക്, റേഷന്‍ കടകള്‍ അടക്കമുള്ള അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ വൈകുന്നേകം 7.30 വരെ തുറക്കാം. ബേക്കറിയും തുറക്കാം. എന്നാല്‍ ഹോം ഡെലിവറി മാത്രമേ പാടുള്ളൂ. കെഎസ്ആര്‍ടിസി, ബസ്, ടാക്‌സികള്‍ അടക്കം പൊതുഗതാഗതം ഒന്നുമില്ല. ആശുപത്രി, വാക്‌സിനേഷന്‍, എയര്‍പോര്‍ട്ട്, റെയില്‍വേസ്റ്റേഷന്‍ തുടങ്ങി അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഇളവ്. ചരക്ക് ഗതാഗതത്തിന് തടസ്സമില്ല. അന്തര്‍ ജില്ലാ യാത്രകള്‍ പാടില്ല. അടിയന്തിര ആവശ്യത്തിന് മാത്രം യാത്ര ചെയ്യുന്നവര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും അടച്ചിടും. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പത്ത് മുതല്‍ ഒരു മണി വരെ പ്രവര്‍ത്തിക്കാം. പ്രൈവറ്റ് സെക്യൂരിറ്റി സര്‍വ്വീസ് പ്രവര്‍ത്തിക്കാം. പെട്രോള്‍ പമ്പുകളും വര്‍ക്ക്‌ഷോപ്പുകളും തുറക്കാം. ചെറിയ നിര്‍മ്മാണ പ്രവര്‍ത്തനം അനുവദിക്കും. വിശ്വാസികള്‍ക്ക് പ്രവേശനമില്ലാതെ ആരാധനാലയങ്ങളില്‍ ചടങ്ങുകള്‍ മാത്രം നടത്താം. വീട്ടുജോലിക്ക് പോകുന്നവരെ തടയില്ല. വിവാഹ, മരണാനന്തര ചടങ്ങുതള്‍ത്ത് 20 പേര്‍ മാത്രം. സ്വകാര്യവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തും. ഓട്ടോ ടാക്‌സി അവശ്യ സേവനത്തിന് മാത്രം. എല്ലാത്തരം ആവശ്യങ്ങള്‍ക്കും പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കേസെടുക്കും.
അവശ്യ സര്‍വ്വീസിലുള്ള ഓഫീസുകള്‍ മാത്രം പ്രവര്‍ത്തിക്കും. ആശുപത്രി വാക്‌സിനേഷന്‍ എന്നിവയ്ക്കുള്ള യാത്രക്ക് തടസ്സമില്ല. എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ എന്നിവയില്‍ നിന്നുള്ള യാത്രക്കും തടസ്സമില്ല. മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളും അടക്കണം. ലോക്ഡൗണില്‍ കുടുങ്ങിയ ആളുകളെയും ടൂറിസ്റ്റുകള്‍ക്കും വേണ്ടി ഹോട്ടലുകളും ഹോം സ്റ്റേ കളും തുറക്കാം. ഇലക്ട്രിക്, പ്ലംബിങ് പോലെയുള്ള ടെക്‌നിഷ്യന്‍സിനാണ് അനുമതി.
രോഗ വ്യാപനം കൈവിട്ട അവസ്ഥയിലാണ് ഒടുവില്‍ സംസ്ഥാനം അടച്ച് പൂട്ടലിലേക്ക് നീങ്ങുന്നത്. 9 ദിവസത്തെക്കാണ് സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍. രണ്ടാം തരംഗത്തില്‍ 41, 000ല്‍ അധികം രോഗികളാണ് ദിവസേനെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത്.