25.9 C
Kottayam
Saturday, May 18, 2024

ഉരുണ്ടുകളിച്ച് കുഴൽനാടൻ; കോടതി നേരിട്ട് കേസെടുത്താൽ മതിയെന്ന് ആവശ്യം, ഒന്നിൽ ഉറച്ചുനിൽക്കൂവെന്ന് കോടതി

Must read

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ നിലപാടു മാറ്റി കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടൻ.

വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണം എന്ന മുൻ ആവശ്യത്തിനു പകരം, കോടതി നേരിട്ടു കേസെടുത്താൽ മതിയെന്നാണു കുഴൽനാടന്റെ പുതിയ ആവശ്യം. അതേസമയം, ഏതെങ്കിലും ഒരു ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി മാത്യു കുഴൽനാടനോട് ആവശ്യപ്പെട്ടു. കേസിൽ ഈ മാസം 12ന് കോടതി വിധിപറയും.

ഹർജിക്കാരന്റെ നിലപാടു മാറ്റത്തിലൂടെ ഹർജി രാഷ്ട്രീയപ്രേരിതമാണെന്നു വ്യക്തമായിരിക്കുകയാണെന്നു വിജിലൻസിനായി ഹാജരായ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. തുടർന്നു കോടതി കേസിൽ വിധി പറയുന്നത് ഏപ്രിൽ 12ലേക്ക് മാറ്റുകയായിരുന്നു. സേവനങ്ങളൊന്നും നൽകാതെയാണു സിഎംആർഎലിൽനിന്നു വീണ പണം കൈപ്പറ്റിയതെന്നു ചൂണ്ടിക്കാട്ടിയാണു കുഴൽനാടൻ കോടതിയെ സമീപിച്ചത്.

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഫെബ്രുവരി 29നാണ് മാത്യു കുഴൽനാടൻ ‌ഹർജി നൽകിയത്. കേസെടുക്കാൻ വിജിലൻസ് തയാറാകുന്നില്ലെന്നും കോടതി ഇടപെട്ട് കേസ് എടുപ്പിക്കണം എന്നുമായിരുന്നു ഹർജിയിലെ ആവശ്യം. പിണറായി വിജയനും വീണയും ഉൾപ്പെടെ ഏഴു പേരാണ് കേസിലെ എതിർകക്ഷികൾ.

തൃക്കുന്നപുഴയിലും ആറാട്ടുപുഴയിലും ധാതുമണല്‍ ഖനനത്തിനായി സിഎംആർഎൽ എം‍ഡി ശശിധരൻ കര്‍ത്ത സ്ഥലം വാങ്ങിയെങ്കിലും 2004 ലെ സംസ്ഥാന ഉത്തരവും കേന്ദ്രനിയമങ്ങളും എതിരായതിനാല്‍ ഖനനാനുമതി ലഭിച്ചില്ല. കേരള ഭൂവിനിമയ ചട്ട പ്രകാരം പ്രസ്തുത ഭൂമിക്ക് ഇളവ് ലഭ്യമാക്കാനുളള കര്‍ത്തയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ സിഎംആര്‍എലുമായി കരാറിലേർപ്പെടുന്നത്. ഇതിനുശേഷം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു റവന്യൂ വകുപ്പിനോട് കര്‍ത്തയുടെ അപേക്ഷയില്‍ പുനഃപരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചതായി ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week