ഇടുക്കി:കേരളത്തിലേക്കെത്താന്‍ പാസ് ലഭിച്ചില്ല അതിര്‍ത്തി ചെക്‌പോസ്റ്റില്‍ തമിഴ്‌നാട് സ്വദേശിയായ വരനും കുമളി സ്വദേശിയായ വധുവും വിവാഹിതരായി, കൊവിഡ് പശ്ചാത്തലത്തില്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ വരന് പാസ് ലഭിക്കാത്ത കാരണത്താല്‍ അതിര്‍ത്തി കടന്നുവരാന്‍ സാധിച്ചില്ല,, തമിഴ്‌നാട് സ്വദേശി പ്രസാദ്, കേരള വണ്ടിപ്പെരിയാര്‍ സ്വദേശി വധു ഗായത്രിയുമാണ് അതിര്‍ത്തിയിലെത്തി വിവാഹിതരാകേണ്ടി വന്നത്.
വരന് കേരളത്തിലേക്ക് പോകാന്‍ പാസ് ഇല്ലാത്തതുകൊണ്ടും, തമിഴ്നാട്ടിലേക്ക് പോകാന്‍ വധുവിന് പാസ് ഇല്ലാത്തതു കൊണ്ടും കേരളാ – തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ കുമളിയില്‍ കുമളി പൊലീസും, റവന്യൂ ഡിപ്പാര്‍ട്‌മെന്റും, വോളന്റീയര്‍മാരും ഇടപെട്ട് വിവാഹം നടത്തി കൊടുത്തു, വിവാഹം കഴിഞ്ഞ് ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ വധുവിന് തമിഴ്‌നാട് പാസ് ലഭിച്ചു. തുടര്‍ന്ന് രണ്ടുപേരും വരന്റെ സ്വദേശമായ തമിഴ്‌നാട് പുതുപെട്ടിയിലേ വീട്ടിലേക്കു മടങ്ങുകയും ചെയ്തു.
കേരളത്തില്‍ ഇന്നലെ 53 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. 18 പേര്‍ വിദേശത്ത് നിന്നും (ഒമാന്‍-3, യു.എ.ഇ.-11, സൗദി അറേബ്യ-3, കുവൈറ്റ്-1) 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-19, ഗുജറാത്ത്-5, തമിഴ്നാട്-3, ഡല്‍ഹി-1, മധ്യപ്രദേശ്-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവര്‍ത്തകയാണ്.
കോവിഡ്-19 രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി നിര്യാതയായി. മെയ് 20ന് ദുബായില്‍ നിന്ന് കേരളത്തില്‍ ചികിത്സക്കായെത്തിയ ഇവര്‍ കാന്‍സര്‍ രോഗ ബാധിതയായിരുന്നു.
അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 5 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേരുടെയും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 322 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 520 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.