FeaturedNewspravasi

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് 7 മലയാളികള്‍ കൂടി മരിച്ചു,മരിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും

ഒമാന്‍: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഏഴ് മലയാളികള്‍ക്ക് കൂടി ദാരുണാന്ത്യം. മരിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 110 ആയി.

മാവേലിക്കര സ്വദേശി അന്നമ്മ ചാക്കോയാണ് മരിച്ച ആരോഗ്യപ്രവര്‍ത്തക. തൃശൂര്‍ വലപ്പാട് സ്വദേശി ജിനചന്ദ്രന്‍ ഷാര്‍ജയില്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ബദറുല്‍ മുനീര്‍ മരിച്ചത് കുവൈത്തില്‍. കോഴിക്കോട് സ്വദേശി സാദിഖിന്റെ മരണവും കുവൈത്തില്‍. തൃശൂര്‍ മണലൂര്‍ സ്വദേശി ഹസ്ബുളള ഇസ്മയില്‍ മരിച്ചതും കുവൈത്തില്‍. കണ്ണൂര്‍ പാനൂര്‍ സ്വദേശി അനില്‍ കുമാര്‍ മരിച്ചത് അബുദാബിയില്‍. തൃശൂര്‍ കാട്ടൂര്‍ സ്വദേശി ഫിറോസ് ഖാനും അബുദാബിയില്‍ മരിച്ചു.

അതേസമയം, ഗള്‍ഫില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റുകള്‍ ആരംഭിക്കുന്നുവെന്ന സംഘടനകളുടെ പ്രചാരണത്തില്‍ വീഴരുതെന്ന് ദുബായി ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കി. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.

മസ്‌ക്കറ്റില്‍ സുപ്രീം കമ്മിറ്റി നിര്‍ദേശങ്ങള്‍ ലംഘിച്ച് പെരുന്നാള്‍ ദിനത്തില്‍ അനധികൃതമായി ഒത്തുചേര്‍ന്ന പ്രവാസികള്‍ കൂട്ടത്തോടെ അറസ്റ്റില്‍. 136 പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പെരുന്നാള്‍ നമസ്‌കാരത്തിനും ആഘോഷത്തിനും ഒത്തുചേരരുതെന്ന് ഒമാന്‍ കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. ഇത് ലംഘിച്ച് ഗാല വ്യവസായ മേഖലയില്‍ പെരുന്നാള്‍ പ്രാര്‍ഥനക്കായി ഒത്തുചേര്‍ന്ന 40 പേര്‍ പിടിയിലായി.

കെട്ടിടത്തിന്റെ മേല്‍ക്കൂരയിലാണ് ഇവര്‍ ഒത്തുചേര്‍ന്നത്. അല്‍ ഖൂദിലും പെരുന്നാള്‍ നമസ്‌കാരത്തിന് ഒത്തുചേര്‍ന്ന 13 പേര്‍ പിടിയിലായിട്ടുണ്ട്. ദാഖിലിയ ഗവര്‍ണറേറ്റില്‍ നിന്ന് 49 പേരും പിടിയിലായി. കമേഴ്‌സ്യല്‍ കോംപ്ലകസില്‍ ഞായറാഴ്ച ഉച്ചക്ക് ഭക്ഷണത്തിനാണ് ഇവര്‍ ഒത്തുചേര്‍ന്നത്. മസ്‌കത്തിലെ അല്‍ അന്‍സാബില്‍ ഞായറാഴ്ച വൈകുന്നേരം ക്രിക്കറ്റ് കളിക്കാനിറങ്ങിയ 34 പേരെയും പിടികൂടിയിട്ടുണ്ട്.

ഇതിന് പുറമെ മുഖാവരണം ധരിക്കാത്തവര്‍ക്കെതിരെയും വിവിധ സ്ഥലങ്ങളില്‍ നടപടികള്‍ സ്വീകരിച്ചു. രാജ്യത്ത് ഞായറാഴ്ച 563 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന രോഗബാധയാണിത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 7770 ആയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker