മാർച്ച് 26, മലയാള സിനിമാലോകത്തിന്‌ വീണ്ടും വലിയവേദന; 10 വ‍ർഷം മുമ്പ് സുകുമാരി, ഇന്ന് ഇന്നസെന്‍റ്

കൊച്ചി:ലയാളിയുടെ സിനിമാ അനുഭവങ്ങളിലെ നിറസാന്നിധ്യമായിരുന്ന ഇന്നസെന്റ് വിടവാങ്ങിയത്, നടി സുകുമാരി മരിച്ചതിന്റെ പത്താം വാർഷിക ദിനത്തിൽ. ഒരുകാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായിരുന്നു ഇരുവരും. ​നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിക്കുകയും മലയാളിയെ ചിരിപ്പിക്കുകയും ചെയ്തു.

അഭിനയ ജീവിതത്തിലും നാണയത്തിനിരുവശമായിരുന്നു ഇരുവരും. മനുഷ്യാവസ്ഥകളുടെ വിഭിന്ന ഭാവങ്ങൾക്കും രൂപങ്ങൾക്കും ജീവനേകിയവർ. മലയാള സിനിമാ ചരിത്രത്തിലെ മികച്ച നടിമാരുടെ പട്ടികയെടുത്താൽ മുന്നിൽ തന്നെയായിരുന്നു സുകുമാരി. ചെയ്യാത്ത വേഷങ്ങളില്ല.

ഹാസ്യമടക്കം എല്ലാ വേഷങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചു. സമാനമായിരുന്നു ഇന്നസെന്റിന്റെ അഭിനയ ജീവിതവും. ചെറുവേഷങ്ങളിൽ തുടങ്ങി, വലിയ നടനായി ഉയർന്ന അഭിനേതാവ്. ഹാസ്യ ഭാവങ്ങളിൽ തന്റേതായ ഇടം കണ്ടെത്തി കസേരയിട്ടിരുന്നെങ്കിലും ഹാസ്യത്തിന് പുറത്തേക്കും ഇന്നസെന്റിന്റെ അഭിനയ ജീവിതം പരന്നൊഴുകി. 2013 മാർച്ച് 26നാണ് 72-ാമത്തെ വയസ്സിൽ സകുമാരി അന്തരിച്ചത്. പത്ത് വർഷങ്ങൾക്കിപ്പുറം വെള്ളിത്തിരയിൽ തന്റെ ഇടം ഒഴിച്ചിട്ട് അതേ മാർച്ച് 26ന് ഇന്നസെന്റും വിടവാങ്ങിയിരിക്കുകയാണ്. 

കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലില്‍ ഞായറാഴ്ച രാത്രിയായിരുന്നു ഇന്നസെന്‍റിന്‍റെ അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചേർന്ന വിദഗ്ധ മെഡിക്കൽ ബോർഡ് യോഗം പൂർത്തിയായ ശേഷമാണ് മന്ത്രി രാജീവ് മരണ വാർത്ത സ്ഥിരീകരിച്ചത്.

രാത്രി 10.30 നാണ് മരണം സ്ഥിരീകരിച്ചതെന്ന് പി രാജീവ് വിശദീകരിച്ചു. 75 ാം വയസിലാണ് അന്ത്യം സംഭവിച്ചത്. 750 ഓളം ചിത്രങ്ങളിൽ അഭിനനയിച്ച ഇന്നസെന്‍റ്  1972 – ൽ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. ചാലക്കുടി എം പിയായും പ്രവർത്തിച്ച അദ്ദേഹത്തിന്‍റെ ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനവും അലങ്കരിച്ചിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായെന്ന് മെഡിക്കൽ വിദഗ്ധ സംഘം വ്യക്തമാക്കി. മാർച്ച് മൂന്ന് മുതൽ കൊച്ചി ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നാളെ രാവിലെ 8 മണി മുതൽ 11 മണി വരെ കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ശേഷം സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
Exit mobile version