മരക്കാറിന്റെ റിലീസ് മാറ്റി; പുതിയ തിയതി പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂര്‍

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലിറങ്ങുന്ന മരക്കാര്‍- അറബിക്കടലിന്റെ സിംഹം റിലീസ് മാറ്റി. മേയ് 13 ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. ഓഗസ്റ്റ് 12 നായിരിക്കും സിനിമ റിലീസ് ചെയ്യുക.

മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ സിനിമയാണ് മരക്കാര്‍. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, മുകേഷ്, സുനില്‍ ഷെട്ടി, പ്രഭു, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാര്‍.

100 കോടി രൂപയാണ് ബഡ്ജറ്റ്. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂണ്‍ലൈറ്റ് എന്റര്‍ടെയിന്‍മെന്റും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് മരക്കാര്‍ നിര്‍മിക്കുന്നത്

കൊവിഡ് വ്യാപനത്തിനേത്തുടര്‍ന്ന് സംസ്ഥാനത്തെ തീയേറ്ററുകള്‍,ജിംനേഷ്യങ്ങള്‍,മദ്യവില്‍പ്പനശാലകള്‍,ബാറുകള്‍ എന്നിവ അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ ഉത്തരവിട്ടിരുന്നു.സിനിമാ ചിത്രീകരണങ്ങളും നിര്‍ത്തിവച്ചു.മോഹന്‍ലാലിന്റെ കന്നി സംവിധാന സംരംഭമായ ബാറോസിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിച്ചുവരികയായിരുന്നു.ചിത്രത്തിന്റെ ഷൂട്ടിംഗും നിര്‍ത്തിവച്ചു.

ചെറും വലുതുമായ നിരവധി ചിത്രങ്ങള്‍ പ്രദര്‍ശനത്തിനും ചിത്രീകരണത്തിനുമെത്താന്‍ തയ്യാറെടുപ്പുകള്‍ പുരോഗമിയ്ക്കുന്നതിനിടെയാണ് കനത്ത ആഘാതമായി കൊവിഡ് രണ്ടാം തരംഗമെത്തിയത്. തീയേറ്ററുകളില്‍ സജാവമായി പ്രദര്‍ശനം തുടര്‍ന്ന മഞ്ജു വാര്യര്‍ ചിത്രമായ ചതുര്‍മുഖമടക്കം തീയേറ്ററുകളില്‍ നിന്ന് പിന്‍വലിയ്ക്കുകയും ചെയ്തു.

ഒരുവര്‍ഷത്തിനടുത്ത് നീണ്ട പ്രതിസന്ധികള്‍ക്കിടെ കഴിഞ്ഞ ജനുവരിയിലാണ് തിയേറ്ററുകളില്‍ വീണ്ടും പ്രദര്‍ശനം ആരംഭിച്ചത്. കേരളത്തിലെ ഏറ്റവും പണംവാരിക്കാലമായ വിഷു ലക്ഷ്യമിട്ട് നിരവധി ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News