കൊച്ചി: സിനിമ തീയറ്ററില്‍ തന്നെ റിലീസ് ചെയ്യുന്നതിന് പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ എല്ലാ വിഭാഗവും തയാറാണെന്ന് ഫിയോക്. മരക്കാറിന്റെ തീയറ്റര്‍ റിലീസ് സംബന്ധിച്ച് ഫിലിം ചേമ്പര്‍ പ്രസിഡന്റ് ചര്‍ച്ചയ്ക്കിടെയാണ് ഇക്കാര്യം പറഞ്ഞത്. കൂടുതല്‍ ദിവസങ്ങള്‍ ചിത്രം പ്രദര്‍ശിപ്പിക്കും. മരക്കാര്‍ കേരളത്തിന്റെ സിനിമയാണെന്നും അതുകൊണ്ട് തന്നെ കൂടുതല്‍ തുക അഡ്വാന്‍സ് നല്‍കാന്‍ തയാറാണെന്നും ഫിയോക് പറഞ്ഞു.
10 കോടി വരെ നല്‍കാം എന്നാണ് ഫിയോക്കിന്റെ നിലപാട്. എന്നാല്‍ ഒടിടി പ്ലാറ്റ് ഫോമില്‍ നിന്നും മികച്ച ഓഫര്‍ വന്നിട്ടുണ്ടെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. മരക്കാര്‍ തീയറ്ററില്‍ റിലീസ് ചെയ്യണമെങ്കില്‍ മിനിമം ഗ്യാരാന്റി തുക നല്‍കണമെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. പക്ഷേ അത്രയും തുക നല്‍കാന്‍ സാധിക്കില്ലെന്നും എന്നാല്‍ സിനിമ തീയറ്റര്‍ റിലീസ് ചെയ്യതാല്‍ ഒടിടിയെക്കാള്‍ കൂടുതല്‍ തുക ലഭിക്കുമെന്നും തീയറ്റര്‍ ഉടമകള്‍ അഭിപ്രായപ്പെട്ടു.
സിനിമ തീയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും തീയറ്റര്‍ ഉടമകള്‍ പറഞ്ഞു. മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഓടിടി റിലീസിനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
റിലീസുമായി ബന്ധപ്പെട്ട് ആമസോണ്‍ പ്രൈമുമായി അണിയറ പ്രവര്‍ത്തകര്‍ ചര്‍ച്ചനടത്തി വരികയാണ്. ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. മരയ്ക്കാറിന് മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് 50 ശതമാനം ആളുകളെ മാത്രമാണ് തീയറ്ററുകളില്‍ പ്രവേശിപ്പിക്കാന്‍ കഴിയുന്നത്. ഈ സാഹചര്യത്തില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ലന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.