കൊച്ചി: തീരദേശ പരിപാലന ചട്ടം ലംഘിച്ച് മരടില്‍ നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാന്‍ സ്ഫോടക വസ്തുക്കള്‍ എത്തിച്ചു. സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട നാല് ഫ്ളാറ്റുകളില്‍ ഒന്നായ ഹോളി ഫെയ്ത്തില് നിറയ്ക്കാനുള്ള സ്ഫോടക വസ്തുക്കളാണ് മരടില്‍ രാവിലെ എത്തിച്ചത്. അങ്കമാലി മഞ്ഞപ്രയിലെ സംഭരണ ശാലയില്‍ നിന്നു കനത്ത പോലീസ് സുരക്ഷയിലാണ് സ്ഫോടക വസ്തുക്കള്‍ എത്തിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ ഇന്ന് ഫ്ളാറ്റില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചു തുടങ്ങും. അതീവ സുരക്ഷ സംവിധാനങ്ങളോടെ രണ്ടു വാനുകളിലായാണ് സ്ഫോടക വസ്തുക്കള്‍ എത്തിച്ചത്.
ഫ്ളാറ്റ് സമുച്ചയത്തില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നതും മുന്നൊരുക്കള്‍ക്ക് ശേഷമാകും. എമല്‍ഷന്‍ എക്സ്പ്ലോസീവ് വിഭാഗത്തില്‍ പെട്ട സ്ഫോടക വസ്തുക്കളാണ് കെട്ടിട സമുച്ചയം പൊളിക്കുന്നതിന് ഉപയോഗിക്കുന്നത്. ഈ മാസം 11, 12 തീയതികളിലായി നാലു ഫ്ളാറ്റുകളും പൊളിക്കാനുള്ള മുന്നൊരുക്കങ്ങളാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചു വരുന്നത്.