റായ്പൂർ: ഛത്തീസ്ഗഡിലെ സുക്മയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ രണ്ട് സി ആർ പി എഫ് ജവാന്മാർക്ക് വീരമൃത്യു. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്‌ണു ആർ (35), ഷെെലേന്ദ്ര (29), എന്നിവരാണ് വീരമൃത്യു വരിച്ചത്.
സി ആർ പി എഫ് കോബ്ര യൂണിറ്റില്‍പ്പെട്ട ജവാന്മാരാണ് ഇവർ. മാവോയിസ്റ്റ് കലാപബാധിത പ്രദേശമായ സുക്‌മയിലൂടെ സഞ്ചരിക്കുമ്പോള്‍ കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ഞായറാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. സുരക്ഷാസേന ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം. ട്രക്കിലും ഇരുചക്രവാഹനങ്ങളിലുമായിട്ടായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്നത്. സംഘത്തിലെ ഒരു വാഹനത്തിന്റെ ഡ്രൈവറായിരുന്നു ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വിഷ്ണു.
ജഗർഗുണ്ടാ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ആക്രമണം. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതൽ സേനയെ പ്രദേശത്തേക്ക് അയച്ചതായാണ് റിപ്പോർട്ട്. മൃതദേഹങ്ങളും പരിക്കേറ്റവരേയും വനത്തിൽ നിന്നും മാറ്റിയിട്ടുണ്ട്. പ്രദേശത്ത് മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
ഏപ്രിലിൽ ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 15 മവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.