കൊച്ചി: എറണാകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു റോയ് 3750 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. അതേസമയം മനു റോയിയുടെ അപരന്‍ നേടിയത് 2572 വോട്ടുകളാണ്. ഇതോടെ ആരാണ് ആ അപരന്‍ എന്ന അന്വേഷണത്തില്‍ ആയിരുന്നു കേരളത്തിലും പ്രത്യേകിച്ച് എറണാകുളം മണ്ഡലത്തിലും രാഷ്ട്രീയ ഭേദമന്യേ നടന്നത്. ആ അപരന്റെ യഥാര്‍ത്ഥ പേര് മനു കെ.എം. തോട്ടുമുഖം സ്വദേശി. ഗൃഹോപകരണ മൊത്തവ്യാപാരിയാണ് അപരനായ മനു. ഇപ്പോള്‍ അപരന്‍ ആലുവയിലുണ്ട്.
ആലുവ എം.എല്‍.എ അന്‍വര്‍ സാദത്തിന്റെ സന്തത സഹചാരിയാണ് അപരന്‍. ഉദയംപേരൂരില്‍ നിന്ന് ഏതാനും വര്‍ഷം മുമ്പ് ആലുവയില്‍ വന്നു. ആലുവക്കാര്‍ക്ക് ഈ മനു, മനു.കെ. മണിയാണ്. സി.പി.ഐ.എമ്മില്‍ യോഗ്യരായ ആളുകള്‍ ഉണ്ടായിട്ടും പുറത്ത് നിന്നൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അമര്‍ഷമുള്ള പാര്‍ട്ടിക്കാരുടെ വോട്ടാണ് മനുവിന് ലഭിച്ചതെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ പ്രതികരിച്ചു.
എന്നാല്‍ മനുവിന് മാത്രമായിരുന്നില്ല അപരന്‍മാരുണ്ടായിരുന്നത്. എറണാകുളത്ത് വിജയിച്ച ടി.ജെ വിനോദിനും മറ്റ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ കെ. മോഹന്‍കുമാറിനും എം.സി കമറുദ്ദീനും അപരന്‍മാരുണ്ടായിരുന്നു. ടി.ജെ വിനോദിന്റെ അപരന്‍ എ.പി വിനോദ് 206 വോട്ടാണ് നേടിയത്. വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മോഹന്‍കുമാറിന്റെ അപരന്റെ പേര് എ.മോഹനകുമാര്‍ എന്നായിരുന്നു. ഇദ്ദേഹം 135 വോട്ടാണ് നേടിയത്. മഞ്ചേശ്വരത്ത് എം.സി കമറുദ്ദീന്റെ അപരന്‍ എം.സി കമറുദ്ദീന്‍ തന്നെയായിരുന്നു. ഇദ്ദേഹം 211 വോട്ടാണ് നേടിയത്.