പാലക്കാട്: കോൺഗ്രസിൽനിന്ന് കൂറുമാറി എൽഡിഎഫ് പിന്തുണയോടെ അഗളി പഞ്ചായത്ത് പ്രസിഡന്റായ എൻ.കെ. മഞ്ജു രാജിവെച്ചു. എന്നും അടിയുറച്ച കോൺഗ്രസ് പ്രവർത്തകയാണെന്നും അന്നും ഇന്നും അങ്ങനെ തന്നെയായിരിക്കുമെന്നും രാജി പ്രഖ്യാപിച്ചശേഷം മഞ്ജു പ്രതികരിച്ചു.
പ്രസിഡന്റ് സ്ഥാനത്തേക്ക് എൽഡിഎഫാണ് തന്റെ പേര് നിർദേശിച്ചത്. അവർ എനിക്ക് പിന്തുണ നൽകി. എന്നാൽ, കോൺഗ്രസ് പ്രവർത്തകയെന്നനിലയിൽ ആ പിന്തുണ സ്വീകരിക്കാൻ താത്പര്യപ്പെടുന്നില്ലെന്നും അതിനാൽ രാജിവെയ്ക്കുകയാണെന്നും മഞ്ജു പറഞ്ഞു.
കൂറുമാറി എൽഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായ മഞ്ജുവിനെതിരേ കോൺഗ്രസ് നേതൃത്വവും തിങ്കളാഴ്ചയോടെ നിലപാട് മയപ്പെടുത്തിയിരുന്നു. മഞ്ജുവിന് അബദ്ധം സംഭവിച്ചാതാകാമെന്നായിരുന്നു ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്റെ പ്രതികരണം. അവർ തെറ്റുതിരുത്തുമെന്ന് കരുതുന്നതായും അദ്ദേഹം തിങ്കളാഴ്ച പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് എൻ.കെ. മഞ്ജു പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.
അഗളി പഞ്ചായത്തിൽ ശനിയാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത ട്വിസ്റ്റിലാണ് മഞ്ജു തിരഞ്ഞെടുക്കപ്പെട്ടത്. അഗളിപഞ്ചായത്തിലെ 21 സീറ്റിൽ യുഡിഎഫ് 10, എൽഡിഎഫ് ഒൻപത്, ബിജെപി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
ശനിയാഴ്ച 10 മണിയോടെ യുഡിഎഫ് അംഗങ്ങൾ അഗളി കോൺഗ്രസ് ഓഫീസിൽനിന്ന് പഞ്ചായത്തിലെത്തി. മഞ്ജുവുൾപ്പെടെ 10 അംഗങ്ങളാണ് എത്തിയത്. 10.15-ന് എൽഡിഎഫിന്റെ ഒൻപതംഗങ്ങളും പഞ്ചായത്തിലെത്തി. 10.20-ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള നടപടികളാരംഭിച്ചു. ആദ്യം യുഡിഎഫിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഷിബു സിറയക്കിന്റെ പേര് യുഡിഎഫ് അംഗം നിർദേശിച്ചു. പിന്നീട് മുൻ സിപിഎം ഏരിയാ സെക്രട്ടറി ജെല്ലിപ്പാറയിൽനിന്ന് വിജയിച്ച സി.പി. ബാബു എൽഡിഎഫ് സ്ഥാനാർഥിയായി മഞ്ജുവിന്റെ പേര് നിർദേശിക്കയായിരുന്നു. യുഡിഎഫ് ഒട്ടും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു ഇത്.
വോട്ടെടുപ്പിൽ പത്ത് വോട്ട് മഞ്ജുവിന് ലഭിച്ചു. ഷിബു സിറിയക്കിന് ഒൻപത് വോട്ടും ലഭിച്ചു. ബിജെപിയുടെ രണ്ട് അംഗങ്ങൾ വോട്ട് അസാധുവാക്കി. ഇതോടെ മഞ്ജുവിനെ അഗളി പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. യുഡിഎഫിന് പഞ്ചായത്തിലെ ഭരണവും നഷ്ടമായി.
മഞ്ജു കോൺഗ്രസ് സ്ഥാനാർഥിയായി കൈപ്പത്തി അടയാളത്തിൽ അഗളി പഞ്ചായത്തിൽ 20-ാം വാർഡിലാണ് മത്സരിച്ച് വിജയിച്ചിരുന്നത്. എൽഡിഎഫിൽ ഘടകകക്ഷിയായ എൻസിപിക്കായിരിന്നു ഇവിടെ സീറ്റ്. അട്ടപ്പാടി മുൻ ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു ബാബുവായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. 115 വോട്ടിന് മഞ്ജു വിജയിച്ചു. വെള്ളിയാഴ്ച മഞ്ജുവിന് വിപ്പ് നൽകിയിരുന്നതായും ഒപ്പിട്ട് വാങ്ങിയതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു. മഞ്ജുവിനെ കൂറുമാറ്റനിയമപ്രകാരം അയോഗ്യയാക്കാനുള്ള നടപടിയാരംഭിച്ചതായും കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മഞ്ജു പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.


