‘എന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് വെറുപ്പില്ല, മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ’

കോഴിക്കോട്: തനിക്കെതിരേ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകൾക്ക് മറുപടിയുമായി എ.എ. റഹീം എംപി. ബെംഗളൂരുവിൽ കുടിയൊഴിപ്പിക്കപ്പെട്ട സ്ഥലം സന്ദർശിച്ചതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ പരാമർശിച്ചാണ് റഹീം ഫേയ്സ്ബുക്കിലൂടെ പ്രതികരിച്ചത്. മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ എന്നും ഭരണകൂടഭീകരതയുടെ നേർക്കാഴ്ചകൾ തേടിയാണ് അവിടേയ്ക്ക് ചെന്നതെന്നു റഹീം പറഞ്ഞു.

ബെംഗളൂരൂവിലെ ഫക്കീർകോളനിയിലും വസിം ലേ ഔട്ടിലും ഇരുനൂറിലേറെ വീടുകൾ ഇടിച്ചുനിരത്തിയ കർണാടക സർക്കാരിന്റെ നടപടിക്കെതിരേ എ.എ. റഹീം പ്രതിഷേധിക്കുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. ഇവിടെവെച്ചുള്ള മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തോടുള്ള റഹീമിന്‍റെ പ്രതികരണമാണ് ചിലർ സോഷ്യൽ മീഡിയയിലൂടെ ട്രോളിന് വിധേയമാക്കിയത്.

എന്റെ ഭാഷയിലേക്ക് സൂക്ഷിച്ചുനോക്കുമ്പോൾ, നിങ്ങളുടെ സർക്കാർ പറഞ്ഞയച്ച ബുൾഡോസറുകൾ തകർത്ത വീടുകളും, അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും കാണാതെ പോകരുതെന്നും റഹീം പറയുന്നു. എന്റെ ഭാഷയെ ട്രോളുന്ന തിരക്കിൽ ആ ദുർബലരായ മനുഷ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ രക്ഷപ്പെടാൻ ശ്രമിക്കരുതെന്നും റഹീം വ്യക്തമാക്കുന്നു. പ്രചരിക്കുന്ന ദൃശ്യത്തിന്‍റെ ബാക്കിഭാഗങ്ങളടങ്ങുന്ന വീഡിയോയും അദ്ദേഹം ഫേയ്സ്ബുക്കിൽ പങ്കുവെച്ചു.

റഹീമിന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റ്:

എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട്…
എനിക്ക് ഭാഷപരമായ പരിമിതികളുണ്ട്.
പക്ഷേ, മനുഷ്യരുടെ സങ്കടങ്ങൾക്ക്
ഒരു ഭാഷയേ ഉള്ളൂ..
ഭരണകൂടഭീകരതയുടെ നേർക്കാഴ്ചകൾ തേടിയാണ് അവിടേയ്ക്ക് ചെന്നത്..
ശബ്ദമില്ലാത്ത, എല്ലാം നഷ്ടപെട്ട ആയിരത്തോളം ദുർബലരായ ഇരകളെയാണ് ഞങ്ങൾക്ക് അവിടെ കാണാനായത് ആ യാത്രയെ കുറിച്ച് ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂ, അവരുടെ ശബ്ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നു.. 
ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകൾ ഇന്ന് ലോകം കാണുന്നു.
പുനരധിവാസത്തേക്കുറിച്ച് നിങ്ങൾ ഇപ്പോൾ സംസാരിക്കാൻ നിർബന്ധിതരായിരിക്കുന്നു.

എന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല. എന്റെ ഭാഷ ഞാൻ തീർച്ചയായും ഇനിയും കൂടുതൽ മെച്ചപ്പെടുത്തും.
പക്ഷേ, ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന നിരവധിപേർ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ?
അവരെ ആരെയും ഇവിടെയെന്നല്ല, ബുൾഡോസറുകൾ ജീവിതം തകർത്ത ദുർബലരുടെ അരികിൽ ഒരിടത്തും കണ്ടിട്ടില്ല.
എന്റെ ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോൾ, നിങ്ങളുടെ സർക്കാർ പറഞ്ഞയച്ച ബുൾഡോസറുകൾ തകർത്ത വീടുകളും, അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും നിങ്ങൾ കാണാതെ പോകരുത്.
എന്റെ ഭാഷയെ ട്രോളുന്ന തിരക്കിൽ ആ ദുർബലരായ മനുഷ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ രക്ഷപ്പെടാൻ ശ്രമിക്കരുത്. 
ഇനിയും ശബ്ദമില്ലാത്തവരെ തേടിപ്പോകും,
ഒറ്റപ്പെട്ടുപോയവരെ ചേർത്തു പിടിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News