കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു ഹാജരാകുന്നത് തടയുക തന്നെയായിരുന്നു എട്ടാം പ്രതി ദിലീപിന്റെ ലക്ഷ്യമെന്ന് സംവിധായകൻ പ്രകാശ് ബാരെ. ബാലചന്ദ്രകുമാർ സമർപ്പിച്ച ശബ്ദ സാമ്പിളുകൾ കേട്ട് ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചില്ലെന്ന് കരുതി ദിലീപിനെ നിരപരാധിയായി പ്രഖ്യാപിക്കുന്നതൊക്കെ അർത്ഥമില്ലാത്ത കാര്യമാണെന്നും പ്രകാശ് ബാരെ പറഞ്ഞു.
‘നടി കേസിൽ ദിലീപ് കുറ്റം ചെയ്തിട്ടുണ്ടോയെന്ന് തെളിയിക്കേണ്ടത് വിചാരണ കോടതിയിൽ നടക്കുന്ന കാര്യങ്ങളാണ്. ആ വിചാരണ നടക്കുന്ന സമയത്ത് പ്രതി അയാളുടെ വീട്ടിലുണ്ടാകണോ അതോ ജയിലിൽ ഉണ്ടാകണോയെന്ന് തീരുമാനിക്കേണ്ടത് രണ്ടാമതാണ്. കുറെക്കാലം ജയിലിൽ ഉണ്ടായ ആളാണ്. ശബ്ദ സാമ്പിൾ കേട്ട് അയാളുടെ ജാമ്യം റദ്ദ് ചെയ്യേണ്ട എന്ന് തീരുമാനിച്ചത് കൊണ്ട് ഇതൊന്നും തെളിവല്ലെന്നോ ഇത് വെച്ചിട്ട് പ്രതിയോ നിരപരാധിയായി പ്രഖ്യാപിക്കുമെന്നൊക്കെ വിലയിരുത്തുന്നതിൽ യാതൊരു അർത്ഥവുമില്ല’.
‘മഞ്ജു വാര്യരുടെ പ്രസൻസ് എങ്ങനേയും തടയുകയെന്നത് തന്നെയായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. വിചാരണ നീണ്ട് പോകാതിരിക്കുകയാണ് പ്രതിഭാഗത്തിന്റെ ആവശ്യം എന്നാണ് പറയുന്നത്. മഞ്ജു വാര്യരെ വിസ്തരിക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് ഒരു ദിവസമാണ്. സമയമല്ല, മഞ്ജു ാര്യർ കൊണ്ടുവരുന്ന ഓദന്റിസിറ്റി എങ്ങനേയും ഒഴിവാക്കുകയെന്നതാണ് പ്രതിഭാഗം ശ്രമിച്ച് കൊണ്ടിരിക്കുന്നത്. അത് പൊളിഞ്ഞു’, പ്രകാശ് ബാരെ പറഞ്ഞു.
അതേസമയം പ്രോസിക്യൂഷന്റെ സാക്ഷികളെ തീരുമാനിക്കുന്നത് പ്രോസിക്യൂഷനാണെന്നും ഈ കേസുമായി ബന്ധപ്പെട്ട് കൊണ്ട് കേസിലെ സാക്ഷികളെ വലിയ രീതിയിൽ സ്വാധീനിച്ച് കൂറുമാറ്റാൻ ശ്രമിക്കുകയായിരുന്നു എട്ടാം പ്രതി ചെയ്തിരുന്നതെന്നും ചർച്ചയിൽ പങ്കെടുത്ത അഡ്വ ടിബി മിനി പറഞ്ഞു. ‘അതിനെ മറികടന്ന് സാക്ഷികളെയെല്ലാം കൃത്യമായി കൊണ്ട് വന്ന്, കോടതിയിൽ അവർ 161 , 164 സ്റ്റേറ്റ്മെന്റിൽ കൊടുത്തിരിക്കുന്നത് കാര്യങ്ങൾ പറയുകയാണ് ചെയ്തത്.
സുപ്രീം കോടതിയിൽ പ്രതിഭാഗം പറഞ്ഞത് വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിച്ച് കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുന്നുവെന്നാണ്. എന്നാൽ ഇതിന് പ്രോസിക്യൂഷൻ നൽകിയ മറുപടി സാക്ഷികളെ തങ്ങൾ ഒരു മണിക്കൂർ വിസ്തരിക്കുമ്പോൾ പ്രതിഭാഗം വിസ്തരിക്കുന്നത് നാലിരട്ടി സമയമെടുത്താണെന്നാണ്. അത് തന്നെ ചിലപ്പോഴൊക്കെ ദിവസങ്ങളോളം നീണ്ട് പോകുന്നത്. ഏകദേശം 200 ന് മുകളിൽ പേജുകളാണ് പ്രോസിക്യൂഷൻ ഏല്ലാ സാക്ഷികളേയും വിസ്തരിച്ചിരിക്കുന്നത്.
എന്നാൽ 800 ഓളം പേജുകൾ എട്ടാം പ്രതിക്ക് മാത്രമായി വരുന്ന സാഹചര്യം ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. പ്രതിക്ക് അതിന് അവകാശമുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ ഈ കേസുമായി ബന്ധപ്പെട്ട് ദിലീപ് എത്ര തവണ സുപ്രീം കോടതിയിൽ പോയി, അപ്പോഴൊക്കെ കേസ് വിചാരണ നീണ്ട് പോകുകയാണ്. അതിജീവിതയെ സംബന്ധിച്ച് എത്രയും പെട്ടെന്ന് തന്നെ കേസ് പൂർത്തിയാക്കണമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്.
പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് ബയാസ്ഡ് അല്ലാതെ കേസ് വിസ്താരം നടക്കണമെന്നതാണ്. എല്ലാ തെളിവുകളും കോടതിയിൽ സമർപ്പിക്കാനും എല്ലാ സാക്ഷികൾക്കും ഭയലേശമന്യേ കോടതിയിൽ വരാനും മൊഴി പറയാനും മറ്റ് സ്വാധീനങ്ങൾക്ക് വിധേയരാക്കപ്പെടാതിരിക്കാനുമുള്ള സാഹചര്യം വേണമെന്നതായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. അത് ഇപ്പോൾ നടക്കുന്നുണ്ട്, ടിബി മിനി പറഞ്ഞു.