നടി മഞ്ജു വാര്യരും സംഘവും ഉത്തരേന്ത്യയിലെ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നു. സനല്‍ കുമാര്‍ ശശിധരന്റെ ‘കയറ്റം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഛത്രുവില്‍ എത്തിയതായിരുന്നു മഞ്ജുവും സംഘവും. ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം മഞ്ജു ഉള്‍പ്പെടെയുള്ളവര്‍ ഛത്രുവില്‍ കുടുങ്ങുകയായിരുന്നു.
മൂന്നാഴ്ചയായി മഞ്ജുവും സംഘവും ഛത്രുവില്‍ എത്തിയിട്ട്. സഹോദരന്‍ മധു വാര്യരെ പ്രളയത്തില്‍ അകപ്പെട്ടതായി സാറ്റലൈറ്റ് ഫോണിലൂടെ മഞ്ജു അറിയിക്കുകയായിരുന്നു. സഹായം അഭ്യര്‍ത്ഥിച്ചാണ് ഫോണ്‍ വിളിച്ചത്. ആവശ്യത്തിനുള്ള ഭക്ഷണം മാത്രമാണ് സംഘത്തിന്റെ കൈവശമുള്ളതെന്നാണ് വിവരം. ശക്തമായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മണ്ണിടിച്ചില്‍ കാരണം ഗതാഗതം തടസ്സപ്പെട്ട ഇടങ്ങളില്‍ തല്‍ക്കാലിക റോഡ് നിര്‍മിച്ചാണ് ആളുകളെ പുറത്ത് എത്തിക്കാന്‍ ശ്രമിക്കുന്നത്.
ഉത്തരേന്ത്യയില്‍ പ്രളയക്കെടുതിയില്‍ മരണം 80 കടന്നു. ഉത്തരാഖണ്ഡില്‍ ഗംഗ, അളകനന്ദ, മന്ദാകിനി നദികള്‍ കരകവിഞ്ഞത് ജനജീവിതത്തെ സാരമായി ബാധിച്ചു. ഇന്നലെ മാത്രം 12 പേരാണ് മഴക്കെടുതിയില്‍ ഉത്തരാഖണ്ഡില്‍ മരിച്ചത്.