കൊച്ചി:മഞ്ജു വാര്യർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ‘വെള്ളരി പട്ടണം’ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. രാഷ്‌ട്രീയം പറയാൻ സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷം എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്ററിൽ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നിരിക്കുന്നത്.
മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അനുസ്മരിപ്പിക്കും വിധമുള്ള ലുക്കിലാണ് പോസ്റ്ററിൽ മഞ്ജുവാര്യർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചർക്കയിൽ നൂൽ നൂറ്റ് ഗാന്ധിയൻ ലുക്കിൽ സൗബിൻ ഷാഹിറിനെയും പോസ്റ്ററിൽ കാണാം. സെപ്റ്റംബറിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ആക്ഷേപ ഹാസ്യ സ്വഭാവമുള്ളതായിരിക്കും ‘വെള്ളരി പട്ടണം’ എന്ന ചിത്രം. മഹേഷ് വെട്ടിയാറും മാദ്ധ്യമ പ്രവർത്തകനായ ശരത് കൃഷ്ണയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. അലക്സ് ജെ പുളിക്കലാണ് ഛായാഗ്രഹണം. ഫുൾ ഓഫ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമ്മാണം.
ചിത്രത്തിന്റെ പേര് ആദ്യം പ്രഖ്യാപിച്ചത് വെള്ളരിക്ക പട്ടണം എന്നായിരുന്നു. എന്നാൽ വെള്ളരിക്ക പട്ടണം എന്ന ചിത്രത്തിന്റെ സംവിധായകൻ മനീഷ് കുറുപ്പിന്റെ പരാതിയെ തുടർന്ന് സിനിമയുടെ പേര് വെള്ളരി പട്ടണം എന്ന് മാറ്റുകയായിരുന്നു.
ഇതിന് മുമ്പ് സിനിമയുടെ ടീസറുകൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. മഞ്ജുവിനും സൗബിനും പുറമെ സലീം കുമാർ, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കർ, ഇടവേള ബാബു, അഭിരാമി ഭാർഗവൻ, കോട്ടയം രമേശ്, വീണ നായർ എന്നിങ്ങനെ വലിയ ഒരു താരനിര ചിത്രത്തിൽ അണിനിരക്കുന്നു. മധു വാസുദേവൻ വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് സച്ചിൻ ശങ്കർ മന്നത്താണ്.