33.4 C
Kottayam
Friday, May 3, 2024

ആദിവാസി വീടു നിർമ്മാണ തട്ടിപ്പ്: മഞ്ജുവാര്യർ 10 ലക്ഷം നൽകി തടിയൂരി, ഒന്നരക്കോടി മുടക്കാനില്ല, നാണം കെടുത്തരുതെന്നും ലേഡി സൂപ്പർ സ്റ്റാർ

Must read

കൽപ്പറ്റ:വീടുവെച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി നടി മഞ്ജു വാര്യര്‍  ആദിവാസി കുടുബങ്ങളെ വഞ്ചിച്ചെന്ന പരാതി ഒത്തുതീര്‍പ്പാക്കി. വീടുവെച്ചു നല്‍കാന്‍ സര്‍ക്കാരിന് 10 ലക്ഷം രൂപ നല്‍കുമെന്ന് മഞ്ജു വാര്യര്‍ അറിയിച്ചു.. ഈ വിഷയത്തില്‍ ഇനിയും നാണക്കേട് സഹിക്കാന്‍ വയ്യെന്നും മഞ്ജു സര്‍ക്കാരിന് അയച്ച കത്തില്‍ വ്യക്തമാക്കി.

മഞ്ജു വാര്യരുടെ പേരിൽ പ്രവർത്തിയ്ക്കുന്ന ഫൗണ്ടേഷൻ വയനാട് പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയില്‍ പണിയ വിഭാഗത്തിൽപ്പെട്ട 57 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതു സംബന്ധിച്ച്  ഫൗണ്ടേഷൻ വയനാട് ജില്ലാ കലക്ടര്‍ക്കും പട്ടികജാതി-വര്‍ഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത് നല്‍കിയിരുന്നു.

പദ്ധതി ആദ്യഘട്ടമായി മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ സ്ഥലസര്‍വെയും നടത്തി. മഞ്ജു വാര്യരുടെ വാഗ്ദാനം സ്വീകരിയ്ക്കാൻ പനമരം പഞ്ചായത്ത് ഭരണസമിതിയോഗം ചേര്‍ന്ന് തീരുമാനിച്ചു. പദ്ധതിയും അംഗീകരിച്ചു. എന്നാൽ അതിനു ശേഷം മഞ്ജു പദ്ധതിയിൽ നിന്നു പിൻ വാങ്ങി.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ പ്രദേശത്ത് വ്യാപക നാശനഷ്ടമുണ്ടായെന്നും കോളനിയിൽ മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ നല്‍കിയ വാഗ്ദാനം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരും പഞ്ചായത്ത് അധികൃതരും സഹായങ്ങളെല്ലാം നിഷേധിച്ചെന്നും കോളനിക്കാര്‍ ആരോപിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് നടിക്കെതിരെ ആദിവാസി കുടുംബങ്ങള്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പരാതി നല്‍കി. കേസില്‍ ഈ മാസം 15ന് നടി നേരിട്ടു ഹാജരാകണമെന്ന് അതോറിട്ടി നടിക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇതേ പരാതിയില്‍ നേരത്തെ നടത്തിയ ഹിയറിങ്ങുകളില്‍ മഞ്ജു ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്ന് 15ന് നിര്‍ബന്ധമായും ഹാജരാകണമെന്ന് ഡി.എല്‍.എസ്.എ നോട്ടീസില്‍ മഞ്ജു വാര്യരോട് ആവശ്യപ്പെടുകയായിരുന്നു.

57 കുടുംബങ്ങള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപ ചിലവില്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചതായാണ് സംഭവത്തെ കുറിച്ച് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ നേരത്തെ പ്രതികരിച്ചിരുന്നത്.

അതോറിറ്റിയുടെ കര്‍ശന നടപടി ഒഴിവാക്കുന്നതിനായി കോളനിയില്‍ 40 വീടുകളില്‍ ചോര്‍ച്ച തടയുന്നതിനായി മഞ്ജു വാര്യര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഷീറ്റ് വിരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീടു നിർമ്മാണത്തിനായി 10 ലക്ഷം രൂപ സർക്കാരിന് നൽകാമെന്ന് താരം അറിയിച്ചിരിയ്ക്കുന്നത്.

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week