മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ പത്തിന് ഹാജരാകാനാണ് സുരേന്ദ്രന് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയ്ക്ക് കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ്. ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശനാണ് പരാതിക്കാരന്‍.പ്രതിചേര്‍ത്ത് മൂന്നുമാസങ്ങള്‍ക്കുശേഷമാണ് കെ.സുരേന്ദ്രനെ ചോദ്യംചെയ്യാന്‍ ജില്ലാ ക്രൈംബ്രാഞ്ച് തീരുമാനിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കിയതിന് IPC 171 B, E വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നും കെ.സുന്ദര മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. 15 ലക്ഷവും മംഗളൂരുവില്‍ വൈന്‍ പാര്‍ലറും ചോദിച്ചെന്നും രണ്ടരലക്ഷം രൂപയും 15,000 രൂപയുടെ മൊബൈല്‍ഫോണും ലഭിച്ചെന്നുമാണ് സുന്ദരയുടെ മൊഴി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News