ഇംഫാൽ: മണിപ്പൂരിൽ അയവില്ലാതെ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ പാർട്ടികളുടെ നിവേദനം. വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെടണമെന്നും വെടിനിൽത്താൻ വേണ്ടത് ചെയ്യണമെന്നും പത്ത് പ്രതിപക്ഷ പാർട്ടികൾ ചേർന്ന് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
കോൺഗ്രസ്, ആംആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി, സി.പി.ഐ.(എം), ശിവസേന തുടങ്ങിയ പ്രതിപക്ഷ പാർട്ടികളാണ് പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിച്ചിരിക്കുന്നത്. ‘എൻ.എച്ച്.- 2 അടച്ച് കുക്കി സമുദായക്കാർ മേയ് മൂന്നുമുതൽ ദേശീയപാതയ്ക്കരികിലായി താമസിച്ചുവരികയാണ്. അവശ്യ സാധനങ്ങളും മറ്റും ഇതുവഴി എത്തിക്കാൻ സാധിക്കുന്നില്ല.
വിലക്കയറ്റം കാരണം യാത്രക്കാരും വലയുകയാണ്. എത്രയും പെട്ടെന്ന് തന്നെ ദേശീയപാത തുറക്കാൻ വേണ്ടത് കേന്ദ്ര സർക്കാർ ചെയ്യണം’, പ്രതിപക്ഷ പാർട്ടികൾ നിവേദനത്തിൽ ആവശ്യപ്പെട്ടു. അതേസമയം, മണിപ്പൂരിൽ പ്രത്യേകഭരണം എന്ന ആവശ്യത്തെ പ്രതിപക്ഷ പാർട്ടികൾ തള്ളി.
നിലവിലുള്ള സർക്കാരിൽ മണിപ്പൂരിലെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മണിപ്പൂരിലെ ബി.ജെ.പി. എം.എൽ.എ.മാരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം അയച്ചിട്ടുണ്ട്. എട്ട് ബി.ജെ.പി. എം.എൽ.എമാരും ബി.ജെ.പിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എം.എൽ.എയുമാണ് നിവേദനം നൽകിയത്.
ഇതിനിടെ, 30 മെയ്തി എം.എൽ.എമാർ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായും ധനമന്ത്രി നിർമലാ സീതാരാമനുമായും കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഈ സംഘത്തിൽ കൂടുതൽ പേരും ബി.ജെ.പി എം.എൽ.എ.മാരായിരുന്നു. എൻ.പി.പി.- ജെ.ഡി (യു)വിലെ ഓരോ എം.എൽ.എമാർ വീതം കൂടിക്കാഴ്ചയിൽ പങ്കെടുത്തു. രണ്ടു വിഭാഗങ്ങളായി തിരിഞ്ഞതോടെ മണിപ്പൂർ വിഷയത്തിൽ ബി.ജെ.പിയിൽ ഭിന്നത എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നു.
എന്നാൽ, ബി.ജെ.പി. ഭിന്നിച്ചിട്ടില്ലെന്നും ആശയവിനിമയത്തിലുണ്ടായ അപാകതയാണെന്ന് ഇത്തരത്തിൽ രണ്ട് സംഘങ്ങളായി പ്രശ്നം കേന്ദ്രത്തെ ധരിപ്പിക്കാൻ കാരണമെന്നും പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിച്ച ഒമ്പത് എം.എൽ.എമാരിൽ ഒരാളായ നിഷികാന്ത് സിങ് സപത്തെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
സംഘർഷം ശക്തമായ മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾ ജൂൺ 25 വരെ വിലക്കേർപ്പെടുത്തിയതായി സർക്കാർ അറിയിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ പ്രവേശനം ജൂലൈ ഒന്നിലേക്ക് മാറ്റിയിട്ടുണ്ട്.
കുക്കി – മെയ്തി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇതുവരെ നൂറോളം പേരാണ് മരിച്ചത്. മണിപ്പൂരിനെ അവഗണിക്കുന്ന ഓരോ ദിവസവും വ്യക്തമാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും സംഘർഷം നീട്ടാൻ താത്പര്യപ്പെടുന്നു എന്നാണെന്ന് ആരോപിച്ച് കോൺഗ്രസും രംഗത്തെത്തി. ’49 ദിവസമായി മണിപ്പൂർ കത്തുകയാണ്.
ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടാതെ പ്രധാനമന്ത്രി മോദിക്ക് വിദേശ രാജ്യങ്ങളിലേക്ക് പറക്കാൻ കഴിയുന്നത് എങ്ങനെയാണ്. പ്രശ്നത്തിന് പരിഹാരം കണേണ്ട ബി.ജെ.പി. ഭരണം കലാപത്തിന്റെ ഭാഗമാകുക മാത്രമാണ് ചെയ്യുന്നത്’ – കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു.