മണിപ്പൂരിലെ അക്രമത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി വിവരം. ഇതുവരെ 54 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. മരിച്ച 54 പേരിൽ 16 മൃതദേഹങ്ങൾ ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലും 15 മൃതദേഹങ്ങൾ ഇംഫാൽ ഈസ്റ്റിലെ ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും സൂക്ഷിച്ചിരിക്കുകയാണ്.
ഇംഫാൽ വെസ്റ്റിലെ ലാംഫെലിലുള്ള റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 23 പേരുടെ മരണം സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സൈന്യത്തിന്റെയും അസം റൈഫിൾസിന്റെയും പതിനായിരത്തോളം സൈനികരെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇത് സ്ഥിരീകരിക്കാൻ പോലീസ് തയ്യാറായിട്ടില്ല.
ഇംഫാൽ ഈസ്റ്റ് ആൻഡ് വെസ്റ്റ്, ചുരാചന്ദ്പൂർ, ബിഷെൻപൂർ തുടങ്ങിയ ജില്ലകളിൽ നിന്നാണ് ഈ മൃതദേഹങ്ങൾ കൊണ്ടുവന്നതെന്നാണ് വിവരം. അതേസമയം, വെടിയേറ്റ് പരിക്കേറ്റ നിരവധി പേർക്ക് റിംസിലും ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും ചികിത്സയിൽ തുടരുകയാണ്. മണിപ്പൂരിൽ ആദിവാസി ഇതര വിഭാഗമായ മെയ്തേയ് സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച കോടതി ഉത്തരവിനെതിരെയാണ് പ്രതിഷേധം.
പട്ടികവർഗ്ഗ (എസ്ടി) പദവി നൽകണമെന്ന ഗോത്രവർഗക്കാരല്ലാത്ത മെയ്‌തേതികളുടെ ആവശ്യത്തിൽ പ്രതിഷേധിച്ച്, ചുരാചന്ദ്പൂർ ജില്ലയിലെ ടോർബംഗ് ഏരിയയിൽ ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (എടിഎസ്യുഎം) ആഹ്വാനം ചെയ്ത ‘ട്രൈബൽ സോളിഡാരിറ്റി മാർച്ചിനിടെയാണ് മണിപ്പൂരിലെ പല ജില്ലകളിലും അക്രമം പൊട്ടിപ്പുറപ്പെട്ടത്.
ആയിരക്കണക്കിന് പ്രക്ഷോഭകർ റാലിയിൽ പങ്കെടുത്തിരുന്നു. ഇതിനിടെ ഗോത്രവർഗക്കാരും ആദിവാസികളല്ലാത്തവരും തമ്മിൽ സംഘർഷം ഉണ്ടാകുകയായിരുന്നു. ആക്രമത്തെത്തുടർന്ന്, മണിപ്പൂരിലെ എട്ട് ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തി, അടുത്ത അഞ്ച് ദിവസത്തേക്ക് വടക്കുകിഴക്കൻ സംസ്ഥാനത്തെ മുഴുവൻ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു.
മണിപ്പൂരിലെ (Manipur) സംഘര്‍ഷ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ (malayali students) നാട്ടിലെത്തിക്കാന്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളെ വിമാനമാര്‍ഗം തിങ്കളാഴ്ച ബെംഗളുരുവിലെത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് അറിയിച്ചു.
ഒന്‍പത് വിദ്യാര്‍ത്ഥികളാണ് മണിപ്പൂരില്‍ കുടുങ്ങിക്കിടക്കുന്നത്.ഇവരെ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15ന് ഇംഫാലില്‍ നിന്ന് വിമാനമാര്‍ഗം കൊല്‍ക്കത്തയിലെത്തിക്കും. അവിടെ നിന്ന് രാത്രി 9.30 ഓടെ ബെംഗളുരുവിലെത്തും
മണിപ്പൂരില്‍ കുടുങ്ങിക്കിടക്കുന്ന ഒന്‍പത് വിദ്യാര്‍ത്ഥികളില്‍ മൂന്നുപേര്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്. കണ്ണര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും പാലക്കാട്, വയനാട് എന്നിവടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണുളളത്.
മണിപ്പൂരില്‍ (Manipur) ആദായനികുതി വകുപ്പ് (income tax) ഉദ്യോഗസ്ഥനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് വലിച്ചിറക്കി കൊലപ്പെടുത്തി. ഇംഫാലിലെ (Imphal) ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ റവന്യൂ സര്‍വീസ് (IRS) അസോസിയേഷന്‍ അറിയിച്ചു. അസോസിയേഷന്‍ ഈ കൊലപാതകത്തെ ശക്തമായി അപലപിച്ചു. ‘ഇംഫാലിലെ ടാക്സ് അസിസ്റ്റന്റായ ഷെ. ലെറ്റ്മിന്‍താങ് ഹാവോക്കിപ്പിന്റെ മരണത്തിലേക്ക് നയിച്ച ആക്രമണം ക്രൂരമായതാണ്’ അവര്‍ ട്വീറ്റില്‍ കുറിച്ചു.
ഡ്യൂട്ടിക്കിടെ നിരപരാധിയായ ഒരു പൊതുപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാന്‍ ഒരു കാരണത്തിനും പ്രത്യയശാസ്ത്രത്തിനുമാകില്ല. ഈ വിഷമ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം നില്‍ക്കുകയാണെന്നും അസോസിയേഷന്‍ ട്വീറ്റില്‍ പറയുന്നു.
ഇംഫാലിലെ തന്റെ ഔദ്യോഗിക ക്വാട്ടേഴ്‌സില്‍ നിന്ന് മെയ്‌തേയ് അക്രമികള്‍ അദ്ദേഹത്തെ വലിച്ചിഴച്ച് തല്ലിക്കൊന്നു എന്ന കുറിപ്പോടെ ഹാവോകിപ്പിന്റെ ഒരു ഫോട്ടോയും അസോസിയേഷന്‍ പങ്കുവെച്ചിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ അഖിലേന്ത്യാ തലത്തിലുളള സംഘടനയാണ് ഈ അസോസിയേഷന്‍.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ അതി രൂക്ഷമായ കലാപത്തിന് സാക്ഷ്യം വഹിച്ചതായി പ്രതിരോധ വക്താവ് പറഞ്ഞു. കസ്ംഘര്‍ഷത്തില്‍ അകപ്പെട്ട 13,000 പേരെ രക്ഷപ്പെടുത്തി സുരക്ഷിത അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.