‘പിണറായിയെ ഓർത്ത് അഭിമാനിക്കുന്നു’ വീണ്ടും പ്രശംസയുമായി മണിശങ്കർ അയ്യർ, തരൂരിനടക്കം വിമർശനം

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കെതിരേ വിമർശനവും കേരള സർക്കാരിനു പ്രശംസയുമായി വീണ്ടും മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ശശി തരൂർ എംപി, ജയ്റാം രമേശ്, പവൻ ഖേര തുടങ്ങിയവർക്കെതിരേയാണ് മണി ശങ്കർ അയ്യറുടെ വിമർശനം. കമ്മ്യൂണിസ്റ്റുകാരെ വെറുക്കുന്നതിനേക്കാളേറെ പരസ്പരം വെറുക്കുന്നവരാണ് കോൺഗ്രസിലെന്നാണ് മണി ശങ്കർ അയ്യർ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ വിമർശിച്ചത്. നേതാക്കളെല്ലാവരും പല വഴിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് വക്താവ് പവൻ ഖേരയെ കോൺഗ്രസിന്റെ കളിപ്പാവയെന്നാണ്‌  മണിശങ്കർ അയ്യർ വിശേഷിപ്പിച്ചത്. ‘കഴിഞ്ഞ രണ്ടുവർഷമായി അദ്ദേഹം എന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അദ്ദേഹം ഒരു കോൺഗ്രസ് വക്താവല്ല. പവൻ ഖേരയെയല്ലാതെ മറ്റൊരാളെ വക്താവായി കണ്ടെത്താൻ കോൺഗ്രസിന് സാധിച്ചില്ലെങ്കിൽ പാർട്ടി കൂടുതൽ കുഴപ്പത്തിലാവും. ഞാൻ ഒരു ഗാന്ധിയനാണ്. ഞാൻ സത്യമാണ് പറയുന്നത്. അതിൽ എന്ത് പ്രത്യാഘാതങ്ങളുണ്ടായാലും ഞാൻ നോക്കിക്കോളാം.’- അദ്ദേഹം കുറിച്ചു.

‘കേരളത്തിൽ കോൺഗ്രസ് ജയിക്കണമെന്നാണ് എന്റെ ആഗ്രഹം. എന്നാൽ ഞാൻ വിശ്വസിക്കുന്നത് അത് സാധ്യമല്ലെന്നാണ്. കമ്മ്യൂണിസ്റ്റുകാർ ഒന്നിച്ചു നിൽക്കുന്നവരാണ്. അച്ചടക്കമുള്ള പാർട്ടിയാണ്. രണ്ട് തവണയാണ് അവർ ജയിച്ചത്. ഭരണവിരുദ്ധവികാരം ഏശിയിട്ടില്ല. കേരളത്തിന്റെ ചരിത്രത്തിൽ ഇങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ല’- മണി ശങ്കർ അയ്യർ പറഞ്ഞു.

പഞ്ചായത്ത് രാജിൽ കേരളം ഒന്നാമതാണ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്വപ്നമാണത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഞാൻ അങ്ങയെ ഓർത്ത് അഭിമാനിക്കുകയാണ്, കോൺഗ്രസ് കൈവിട്ട ആ ബാറ്റൺ എടുക്കാൻ. കേരളം അഭിവൃദ്ധിപ്രാപിക്കട്ടെ.- അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂർ പോലുള്ളവിഷയങ്ങളിൽ പാർട്ടി നേതൃത്വത്തിനെതിരേ തിരിഞ്ഞ തരൂരിനെതിരേയും രൂക്ഷവിമർശനമുന്നയിച്ചു. അടുത്ത വിദേശകാര്യ മന്ത്രിയാകാനുള്ള ആഗ്രഹമാണ് തരൂരിനെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന മണി ശങ്കർ അയ്യറുടെ പ്രസ്താവന ഏറെ ചർച്ചയായിരുന്നു. ഇതിന്റെ അലയൊലിയടങ്ങും മുമ്പാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾക്കെതിരേ വീണ്ടും വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയത്. എന്നാൽ, മണി ശങ്കർ അയ്യറെ തള്ളി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. അദ്ദേഹത്തിന് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു പവൻ ഖേരയുടെ പ്രതികരണം.

സർക്കാർ നടത്തിയ വിഷൻ 2031; വികസനവും ജനാധിപത്യവും എന്ന പരിപാടിയിൽ വെച്ചായിരുന്നു അദ്ദേഹം പിണറായി വീണ്ടും അധികാരത്തിലെത്തുമെന്ന പരാമർശം നടത്തിയത്. പരിപാടിയിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് പ്രമുഖർക്ക് കോൺഗ്രസ് നേതൃത്വം കത്തെഴുതിയിരുന്നു. എന്നാൽ, ഇത്തരത്തിൽ ഒരു സംഭവം അപമാനമാണോ അതോ അഭിനന്ദനമാണോ എന്നെനിക്കറിയില്ല. ഇത് ഒരു സംസ്ഥാന പരിപാടിയാണ്, അതേപോലെത്തന്നെ ഒരു ദേശീയ പരിപാടിയും. തന്റെ സഹപ്രവർത്തകർ കൂടെ ഇല്ലാത്തതിൽ അഗാധമായി ഖേദിക്കുന്നുവെന്നും മണിശങ്കർ അയ്യർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News