കൊച്ചി:എൻസിപി ഇടതുമുന്നണിയിൽ തുടരുമെന്ന് ടിപി പീതാംബരൻ മാസ്റ്റർ. ദേശീയ നേതൃത്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി. മാണി സി കാപ്പൻ പാർട്ടി വിട്ട് പോയാൽ നടപടിയുണ്ടാകും. മാണി സി കാപ്പൻ ഇല്ലാത്തത് പാലായിൽ ക്ഷീണം ഉണ്ടാക്കിയേക്കും. ഏത് നേതാവ് പോയാലും ചെറിയ തോതിൽ ക്ഷീണമുണ്ടാകും. മാണി സി. കാപ്പന്റെ കൂടെ എത്ര ജില്ല നേതാക്കളുണ്ടെന്നുള്ള അവകാശവാദം കണ്ടറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മാണി സി. കാപ്പന്റെ യുഡിഎഫ് പ്രവേശന പ്രഖ്യാപനത്തിനു പിന്നാലെ എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റിയില്‍ ഇരു വിഭാഗങ്ങള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്ത്. കാപ്പന്‍ സിനിമാ സ്‌റ്റൈലില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന നേതാവാണെന്നും രാഷ്ട്രീയത്തെ ബിസിനസ്സായി കാണുന്ന ആളാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍, മുന്‍ പ്രസിഡന്റുമാരായ കെ.ആര്‍. അരവിന്ദാക്ഷന്‍, ടി.വി. ബേബി തുടങ്ങി എന്‍സിപി ഔദ്യോഗിക വിഭാഗത്തിനൊപ്പം നില്‍ക്കുന്നവര്‍ പറഞ്ഞു. എന്നാല്‍ കോട്ടയം ജില്ലയിലെ എന്‍സിപി നേതാക്കളില്‍ ബഹുഭൂരിഭാഗവും കാപ്പനൊപ്പമാണെന്നു പ്രസിഡന്റ് സാജു എം. ഫിലിപ്പ്, ദേശീയ സെക്രട്ടറി സലീം പി. മാത്യു എന്നിവര്‍ പറയുന്നു.