കോട്ടയം: കേരളം ഉറ്റുനോക്കിയ പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വരും മുന്‍പ് തന്നെ യുഡിഎഫ് പാളയത്തിലേക്ക് ചേക്കേറിയ മാണി സി കാപ്പന്റെ വിജയം എല്‍.ഡി.എഫിന് കനത്ത തിരിച്ചടിയാണ്.
52 വര്‍ഷത്തോളം കെഎം മാണിയുടെ തട്ടകമായിരുന്നു പാലാ. അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടര്‍ന്ന് 2019ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാല പിടിച്ചടക്കിയ മാണി സി കാപ്പന്‍ ഇത്തവണ സീറ്റ് നിഷേധിക്കപ്പെടുമെന്ന് വന്നതോടെയാണ് യുഡിഎഫിലെത്തിയത്. മാണിക്കെതിരെ മുന്‍പ് മത്സരിച്ചിരുന്ന കാപ്പന്‍ പാലായില്‍ പതുക്കെപ്പതുക്കെ ഭൂരിപക്ഷം കുറച്ചശേഷമാണ് ഉപതിരഞ്ഞെടുപ്പില്‍ ടോം പുലിക്കുന്നേലിനെ തോല്‍പ്പിച്ചത്.
കേരള കോണ്‍ഗ്രസിന്റെ മുന്നണിപ്രവേശം തുടര്‍ഭരണത്തിലേക്കുള്ള യാത്രയില്‍ ഇടതുമുന്നണിക്കു വന്‍ ഗുണമാണുണ്ടാക്കിയത്. അതേസമയം, മറ്റു സീറ്റുകളില്‍ മുന്നേറാന്‍ കഴിഞ്ഞെങ്കിലും ജോസ് കെ മാണിയെന്ന നായകനുണ്ടായ തിരിച്ചടി കേരള കോണ്‍ഗ്രസിനെ വരുംനാളുകളില്‍ വരും പ്രതിസന്ധിയിലാഴ്ത്തും.