KeralaNews

കാസര്‍ഗോഡ് നിന്ന് മംഗലാപുരം വരെയുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ അതിര്‍ത്തി വരെ മാത്രം

കാസര്‍ഗോഡ്: കെ.എസ്.ആര്‍.ടി.സി ബസുകള്‍ അതിര്‍ത്തി വരെ മാത്രം സര്‍വീസ് നടത്തും. കാസര്‍ഗോട്ട് നിന്നുള്ള ബസുകള്‍ക്ക് അതിര്‍ത്തിവരെ മാത്രമേ അനുമതിയുള്ളൂ. കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ ഈ ബസുകള്‍ക്ക് അനുമതിയില്ല. കാസര്‍ഗോട്ടു നിന്ന് മംഗലാപുരം, സുള്ള്യ, പുത്തൂര്‍ എന്നിവിടങ്ങളിലേക്കുള്ള ബസുകള്‍ക്കാണ് പ്രവേശനാനുമതി നല്‍കാത്തത്. ദക്ഷിണ കന്നഡ ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ബസുകള്‍ ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് പ്രവേശിക്കണ്ട എന്നാണ് കളക്ടറുടെ ഉത്തരവ്. അതേസമയം, ബെംഗളൂരുവിലേക്കുള്ള ബസ് സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. മുത്തങ്ങ, മാനന്തവാടി വഴിയാണ് നിലവില്‍ ബെംഗളൂരുവിലേക്കുള്ള സര്‍വീസ് നടത്തുന്നത്. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് മൂന്ന് ദിവസത്തിനകം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനാഫലം നിര്‍ബന്ധമാണ്.

അതേസമയം, കോഴിക്കോട് ജില്ലയില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്രസംഘത്തിന്റെ നിര്‍ദേശം. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ എത്തിയ സംഘമാണ് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയത്. കൊവിഡ് പരിശോധന വര്‍ധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുന്നത് വേഗത്തില്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശമുണ്ട്.

കൂടുതല്‍ വാക്സിന്‍ വേണമെന്ന ആവശ്യവും ജില്ലാ ഭരണകൂടം കേന്ദ്രസംഘത്തിന് മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.പി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് സന്ദര്‍ശനം നടത്തിയത്. കളക്ടറേറ്റിലെ സന്ദര്‍ശനത്തിന് ശേഷം സംഘം മെഡിക്കല്‍ കോളജിലുമെത്തി സാഹചര്യം വിലയിരുത്തി.

രണ്ട് മേഖലകളിലായി മൂന്ന് ജില്ലകളിലെ കൊവിഡ് സാഹചര്യം കേന്ദ്രസംഘം ഇതിനോടകം വിലയിരുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ എത്തിക്കണമെന്നാണ് സംഘത്തിന്റെ പ്രാഥമിക നിര്‍ദേശം. സംസ്ഥാനത്തിന്റെ നിലവിലെ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച വിദഗ്ധ സംഘം ടിപിആര്‍ ഉയര്‍ന്നുനില്‍ക്കുന്നത് ആശ്വാസകരമല്ലെന്ന് വിലയിരുത്തി.നാളെ തിരുവനന്തപുരത്തെത്തുന്ന സംഘം ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. രോഗവ്യാപന നിരക്ക് കുറയ്ക്കുന്നതിനുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയാകും കേന്ദ്രസംഘം മടങ്ങുക.

സംസ്ഥാനത്ത് നിലവില്‍ കൊവിഡ് സാഹചര്യം ആശങ്കാജനകമായി തുടരുകയാണ്. ഇരുപതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗബാധ. 12.31 ആണ് ടെസ്റ്റ് പോസിറ്റിവിററി നിരക്ക്. അഞ്ച് ജില്ലകളില്‍ പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. അതേസമയം പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button