കൊച്ചി: മാനസയുടെ കൊലപാതകത്തില്‍ പ്രതി രഖിലിന്റെ സുഹൃത്ത് ആദിത്യനെ കസ്റ്റഡിയിലെടുക്കാനൊരുങ്ങി പോലീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ആദിത്യന് പോലീസ് നോട്ടീസ് അയച്ചു. വെള്ളിയാഴ്ച ഹാജരാകണമെന്നാണ് നിര്‍ദേശം. രഖിലുമായി നടത്തിയ ബിഹാര്‍ യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
നിലവില്‍ പിടിയിലായ പ്രതികളെ പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇവരുടെ സാന്നിധ്യത്തിലായിരിക്കും ആദിത്യനെ ചോദ്യം ചെയ്യുക. രഖിലുമൊത്ത് ആദിത്യന്‍ ബീഹാര്‍ യാത്ര നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രഖിലിന് തോക്ക് സംഘടിപ്പിച്ച് നല്‍കി, പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരിന്നു. രഖില്‍ പ്രതികള്‍ക്കൊപ്പം സഞ്ചരിച്ചതായും വ്യക്തമായി.
പ്രതികളുടെ ഫോണില്‍ നിന്നാണ് പോലീസിന് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്. ടാക്സി ഡ്രൈവറായ മനേഷ് കുമാറാണ് പരിശീലനം നല്‍കിയതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. 7.62 എംഎം പിസ്റ്റള്‍ ഉപയോഗിച്ച് എങ്ങനെയാണ് ബുള്ളറ്റ് ലോഡ് ചെയ്യേണ്ടത്, ട്രിഗര്‍ വലിക്കേണ്ടത് തുടങ്ങി എല്ലാ വിവരങ്ങളും രഖിലിന് പറഞ്ഞുകൊടുത്ത് പഠിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. രഖിലും മറ്റ് പ്രതികളുമായുള്ള ബന്ധത്തെ കുറിച്ചാണ് കൂടുതല്‍ വ്യക്തത വരേണ്ടത്.
ആദിത്യനെ ചോദ്യം ചെയ്യുന്നതിലൂടെ ഇത് സംബന്ധിച്ച സൂചനകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. 60,000 രൂപ നല്‍കി ബിഹാര്‍ സ്വദേശി സോനുകുമാര്‍ മോദിയില്‍ നിന്നാണ് രഖില്‍ തോക്ക് വാങ്ങിയതെന്നാണ് വിവരം. ഇയാളെ പിടികൂടിയിരുന്നു.