FeaturedKeralaNews

മാനസ കൊലക്കേസ്: തോക്ക് പരിശീലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, സുഹൃത്തിനെ വീണ്ടും ചോദ്യംചെയ്‌തേക്കും

കൊച്ചി:മാനസ കൊലക്കേസുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങൾ പുറത്ത്. മാനസയെ കൊലപ്പെടുത്തിയ രഖിൽ തോക്ക് വാങ്ങാൻ പോകുന്ന ദൃശ്യങ്ങളും അറസ്റ്റിലായ പ്രതി മനേഷ് കുമാർ വർമ തോക്ക് ഉപയോഗിച്ച് പരിശീലനം നടത്തുന്ന ദൃശ്യങ്ങളുമാണ് പുറത്തുവന്നത്. ഇതോടെ മനേഷ്കുമാർ വർമയാണ് രഖിലിന് തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകിയതെന്ന നിഗമനത്തിലാണ് പോലീസ്.

കഴിഞ്ഞദിവസമാണ് രഖിലിന് തോക്ക് വിറ്റ സോനുകുമാർ മോദിയെയും ഇടനിലക്കാരനായ ടാക്സി ഡ്രൈവർ മനേഷ്കുമാർ വർമയെയും ബിഹാറിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഫോണുകളിൽനിന്നാണ് നിർണായകമായ തോക്ക് പരിശീലന ദൃശ്യങ്ങൾ ലഭിച്ചത്. രഖിലിനൊപ്പം കാറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്.

മാനസയെ കൊലപ്പെടുത്തുന്നതിന് മുമ്പ് രഖിലിന് തോക്ക് ഉപയോഗിക്കാൻ കൃത്യമായ പരിശീലനം ലഭിച്ചിരുന്നതായി പോലീസ് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. തോക്ക് വാങ്ങിയ ബിഹാറിൽനിന്ന് തന്നെയാകും ഈ പരിശീലനം ലഭിച്ചതെന്നും പോലീസ് കരുതിയിരുന്നു. ഇതെല്ലാം സാധൂകരിക്കുന്നതരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ കണ്ടെടുത്തിരിക്കുന്നത്. ദൃശ്യങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന തോക്ക് മാനസയെ കൊലപ്പെടുത്താൻ ഉപയോഗിച്ച അതേ തോക്കാണെന്നും പോലീസ് കരുതുന്നു.

ഇതുവരെ ഇരുപതോളം തോക്കുകൾ വിറ്റതായി അറസ്റ്റിലായ സോനുകുമാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതികളുടെ ഫോണിൽനിന്ന് കേരളത്തിൽനിന്നുള്ള കൂടുതൽപേരുടെ നമ്പറുകൾ ലഭിച്ചതായും വിവരമുണ്ട്. ഈ നമ്പറുകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്. കേസിൽ നേരത്തെ ചോദ്യംചെയ്ത രഖിലിന്റെ സുഹൃത്തിനെ പോലീസ് വീണ്ടും ചോദ്യംചെയ്തേക്കും. ബിഹാറിൽനിന്ന് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സുഹൃത്തിനെ വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നത്.

അതിനിടെ, അറസ്റ്റിലായ സോനുകുമാറിനെയും മനേഷ് വർമയെയും ഞായറാഴ്ച വൈകിട്ടോടെ കൊച്ചിയിലെത്തിക്കും. കോടതിയിൽ ഹാജരാക്കിയ ശേഷം ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button