സ്ത്രീകള്‍ക്ക് നേരേ അശ്ലീല ചേഷ്ടകള്‍ കാട്ടി വീഡിയോ ഷൂട്ട്,കൊച്ചിയില്‍ യൂട്യൂബര്‍ അറസ്റ്റില്‍
കൊച്ചി :സ്ത്രീകളെ ശല്യം ചെയ്യുന്ന രീതിയില്‍ വീഡിയോ ഷൂട്ട് ചെയ്ത യു ട്യൂബര്‍ അറസ്റ്റില്‍. എറണാകുളം ചിറ്റൂര്‍റോഡ് സ്വദേശി ആകാശ് സൈമണ്‍ മോഹനെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാനായി സ്ത്രീകള്‍ക്ക് നേരേ അശ്ലീല ചേഷ്ടകള്‍ കാട്ടി ‘പ്രാങ്ക് വിഡിയോ’ ചിത്രീകരിക്കുകയായിരുന്നു യുവാവ്.
സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച് യുട്യൂബില്‍ അപ് ലോഡ് ചെയ്യുകയാണ് ഇയാള്‍ ചെയ്തിരുന്നത് എന്നാണ് നോര്‍ത്ത് പൊലീസ് പറയുന്നത്. അശ്ലീല ചേഷ്ടകളും ആംഗ്യങ്ങളും കാണിച്ചെന്നും മോശമായി സംസാരിച്ചെന്നും പരാതി വന്നതോടെയാണ് പൊലീസ് നടപടി.
വീഡിയോ ഷൂട്ട് ചെയ്യാന്‍ സഹായിച്ച യുട്യൂബറുടെ സുഹൃത്തുക്കള്‍ക്ക് വേണ്ടിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏതാണ്ട് അഞ്ചോളം വീഡിയോകള്‍ ഇയാളുടെ യൂട്യൂബ് അക്കൌണ്ടില്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. വില്ലന്‍ ഹബ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിലാണ് ഇയാള്‍ വീഡിയോ അപ്ലോഡ് ചെയ്തിരുന്നത്.