കണ്ണൂർ:കൊലപാതകത്തിന് അടുത്ത ദിവസങ്ങളിൽ രഖിൽ നാല് തവണ മാനസയോട് സംസാരിച്ചുവെന്ന് രഖിലിന്‍റെ കമ്പനി പാട്ണറും അടുത്ത സുഹൃത്തുമായ ആദിത്യൻ. മാനസ അവഗണിച്ചതോടെ രഖിലിന് പകയായി. രഖിലിന് കൗൺസിലിംഗ് നൽകണമെന്ന് കുടുംബത്തെ താൻ അറിയിച്ചിരുന്നുവെന്നും ആദിത്യൻ പറഞ്ഞു. പഠിച്ച സ്ഥലമായ ബംഗളൂരുവിൽ രഖിലിന് ബന്ധങ്ങളുണ്ട്. ഇന്‍റീരിയർ ഡിസൈനിംഗിനുള്ള സാധനങ്ങൾ വാങ്ങിക്കുന്നതും അവിടെ നിന്നാണ്. എന്നാല്‍, തോക്ക് എവിടെ നിന്ന് കിട്ടിയതെന്ന സൂചന തനിക്കില്ലെന്നും ആദിത്യൻ കൂട്ടിച്ചേര്‍ത്തു.
മാനസയെ രഖിൽ പരിചയപ്പെട്ടത് മറ്റൊരു പ്രണയം തകർന്ന ശേഷമെന്ന് സഹോദരൻ പറയുന്നത്.പൊലീസ് വിളിപ്പിച്ച ശേഷവും ബന്ധം വിടാൻ രഖിൽ തയ്യാറായിരുന്നില്ല.മാനസ തള്ളിപ്പറഞ്ഞത് രഖിലിനെ തളർത്തിയെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോടും സംസാരിക്കാറില്ലായിരുന്നുവെന്നും സഹോദരൻ പറഞ്ഞു. ജീവിതം തകർന്നെന്ന് തനിക്ക് രഖിൽ മെസേജ് അയച്ചിരുന്നു.
വിദേശത്ത് പോയി പണമുണ്ടാക്കിയാൽ ബന്ധം തുടരാനാകുമെന്നായിരുന്നു രഖിലിന്റെ പ്രതീക്ഷയെന്നും സഹോദരൻ പ്രതികരിച്ചു. എന്നാൽ മാനസയുമായുള്ള സൗഹൃദം തകർന്നതിൽ മാനസീക പ്രയാസങ്ങൾ ഇല്ലെന്ന് കുടുംബത്തെ ധരിപ്പിക്കാൻ രഖിൽ ശ്രമിച്ചിരുന്നതായാണ് വിവരം. മറ്റൊരു വിവാഹം ആലോചിക്കാൻ തയ്യാറാണെന്നും ഇയാൾ കുടുംബത്തെ അറിയിച്ചിരുന്നു.
രഖിലിന്‍റെ അമ്മ കുറച്ച് ദിവസമായി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് അയൽവാസി പറഞ്ഞു.കല്യാണം ആലോചിക്കുന്നതായും ഇതിനായി ഓൺലൈൻ മാര്യേജ് വെബ്സൈറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിരുന്നതായും അമ്മ പറഞ്ഞതായി ഇവർ പറഞ്ഞു. ജോലിക്കായി ഗൾഫിൽ പോകാനും ശ്രമം തുടങ്ങിയിരുന്നു. കൊവിഡ് പ്രതിസന്ധിയിൽ നടന്നില്ല. ടിക്കറ്റൊക്കെ റെഡിയായതാണ്. പിന്നീട് കോയമ്പത്തൂർ വഴി പോകാനും ശ്രമം നടന്നിരുന്നു. രഖിൽ നെല്ലിമറ്റത്താണെന്ന വിവരവും കുടുംബത്തിന് അറിയില്ലായിരുന്നുവെന്നാണ് കരുതുന്നത്.
കൊച്ചിയിൽ ഇന്‍റീരിയർ ഡിസൈനിംഗ് വർക്കുണ്ടെന്ന് പറഞ്ഞാണ് കണ്ണൂരിൽ നിന്ന് ഇയാൾ പോയത്. ഇത്തരമൊരു കൃത്യം നടത്തുമെന്ന് കുടുംബം കരുതിയില്ല. രഖിൽ തോക്ക് എവിടെ നിന്ന് സംഘടിപ്പിച്ചുവെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
അതേസമയം കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ഡന്‍റൽ കോളേജ് വിദ്യാർത്ഥിനി മാനസയുടെയും കൊലപാതത്തിന് ശേഷം ആത്മഹത്യ ചെയ്ത രഖിലിന്റെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. രാവിലെ എട്ട് മണിയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാണ് പോസ്റ്റ്മോർട്ടം നടത്തുക. കണ്ണൂർ പൊലീസിന്‍റെ സഹകരണത്തോടെയാണ് കേസന്വേഷണം നടത്തുകയെന്ന് പൊലീസ് അറിയിച്ചു. പ്രാദേശികമായി രഖിലിന് സഹായം ലഭിച്ചോ എന്നത് അടക്കം അന്വേഷിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
കൊല്ലപ്പെട്ട ഡെന്റൽ ഡോക്ടർ മാനസയുടെ 2 മൊബൈൽ ഫോണുകൾ കേസന്വേഷണത്തിൽ നിർണായകമാകുമെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇരയും കൊലയാളിയും മരിച്ചതോടെ ഇവർ തമ്മിലുള്ള അടുപ്പത്തിന്റെയും പകയുടെയും വിവരങ്ങൾ ഇൗ ഫോണുകളിൽ കണ്ടെത്താൻ കഴിയുമെന്നാണു പ്രതീക്ഷ.
ഒരേ ജില്ലക്കാരാണെങ്കിലും സമൂഹമാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണു നിഗമനം. ഇരുകൂട്ടരുടെയും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കുന്നതോടെ കേസന്വേഷണത്തിനു കൂടുതൽ വ്യക്തത ലഭിക്കും. മാനസ താമസിച്ചിരുന്ന വാടകവീടിനു സമീപം ഒരു മാസത്തോളം തങ്ങിയ രഖിൽ ഇതിനിടയിൽ മാനസയെ ഫോണിൽ ബന്ധപ്പെട്ടു സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ടാവുമെന്നാണു പൊലീസ് കരുതുന്നത്.
ഒരു പക്ഷേ, രഖിൽ തന്നെ നിരീക്ഷിച്ചു തൊട്ടടുത്തു തന്നെ താമസമുണ്ടെന്ന വിവരം മാനസ അറിഞ്ഞിരിക്കാൻ വഴിയില്ല. കൊല്ലപ്പെടും മുൻപു രാഖിലിനെ കണ്ടപാടെ ‘ഇയാൾ എന്താണ് ഇവിടെ?’ എന്നു ചോദിച്ചത് അതുകൊണ്ടാവാമെന്നു പൊലീസ് കരുതുന്നു. പ്രണയ നൈരാശ്യത്തിന് അപ്പുറമുള്ള കാരണങ്ങൾ കണ്ടെത്താൻ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിനു കഴിഞ്ഞിട്ടില്ല.